മൂന്നാം ഘട്ടത്തിൽ ഫ്ളാറ്റുകൾ നിർമ്മിക്കും
കൽപ്പറ്റ: കൽപ്പറ്റ നഗരസഭയിൽ ലൈഫ് സമ്പൂർണ ഭവന പദ്ധതിയിലൂടെ 465 വീടുകൾ പൂർത്തിയായി. അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ ഭൂരഹിതരായ ഭവന രഹിതർക്കും വീടുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ലൈഫ് ഭവന പദ്ധതിയിലാണ് നിർധന കുടുംബങ്ങൾക്ക് വീടൊരുങ്ങിയത്.
ഭൂമിയുള്ള ഭവനരഹിതർ, ഭൂമിയില്ലാത്ത ഭവനരഹിതർ, ഭവന നിർമ്മാണം പാതിവഴിയിൽ നിലച്ചവർ, വാസയോഗ്യമല്ലാത്ത വീടുള്ളവർ, പുറമ്പോക്കിലോ, തീരദേശ മേഖലയിലോ, തോട്ടം മേഖലയിലോ താത്ക്കാലിക ഭവനമുള്ളവർ തുടങ്ങിയവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. വീട് നിർമ്മാണം പൂർത്തിയാക്കാത്തതും അനുവദിച്ച തുക മുഴുവൻ കൈപ്പറ്റാത്തതുമായവർക്ക് ബാക്കി വന്ന തുകയും ലൈഫ് മിഷൻ നൽകിയിരുന്നു.
മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കിയത്. 2017ൽ തുടങ്ങിയ പദ്ധതിയിലൂടെ ഒരു കുടുംബത്തിന് നാല് ലക്ഷം രൂപയാണ് ഭവന നിർമ്മാണത്തിനായി അനുവദിച്ചത്. കൽപ്പറ്റ നഗരസഭയിൽ ആദ്യ ഘട്ടത്തിൽ 112 വീടുകളുടെ പണി പൂർത്തീകരിച്ചു. രണ്ടാം ഘട്ടത്തിൽ പി.എം.എ.വൈയും ലൈഫ് പദ്ധതിയും സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. നഗരസഭയിൽ 353 വീടുകൾ രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കി.
മൂന്നാം ഘട്ടത്തിലാണ് ഭൂമിയില്ലാത്ത ഭവന രഹിതരെ പദ്ധതിയിൽ പരിഗണിക്കുന്നത്. വാർഡുകൾ കേന്ദ്രീകരിച്ച് നടത്തിയ സർവ്വേയിലൂടെ 215 ഭൂമിയില്ലാത്ത ഭവനരഹിതരെ കൽപ്പറ്റ നഗരസഭയിൽ കണ്ടെത്തി. ഇവർക്കായി നഗരസഭ പരിധിയിൽ തന്നെ ഭൂമി കണ്ടെത്തി ഫ്ളാറ്റ് പണിയാനാണ് ലക്ഷ്യമിടുന്നത്. സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പ്രളയ പുനരധിവാസത്തിനായി വ്യക്തികളിൽനിന്ന് ലഭിക്കുന്ന സ്ഥലവും പാർപ്പിട സമുച്ചയത്തിനായി പരിഗണിക്കും. ആശുപത്രി, വിദ്യാലയം എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നതും അങ്കണവാടി, വായനശാല എന്നീ സൗകര്യങ്ങളുള്ള കെട്ടിട സമുച്ചയമാണ് വീടില്ലാത്തവർക്കായി ഉയരുക. മൂന്നാംഘട്ട പദ്ധതി കൂടി നടപ്പാകുന്നതോടെ ഭവനരഹിതരില്ലാത്ത നഗരസഭയായി കൽപ്പറ്റയും മാറും.