പേരാമ്പ്ര: ഛത്തീസ്ഗഢിലെ റായ്‌പൂരിന് സമീപം നാരായൺപൂരിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ഐ.ടി.ബി.പി സേനാംഗം പേരാമ്പ്ര കല്ലോട് അയ്യപ്പൻചാലിൽ ബിജീഷിന് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി.
ഇന്നലെ രാവിലെ ഏഴരയോടെ സേനാംഗങ്ങൾ കൈതക്കലിൽ എത്തിച്ച ഭൗതികശരീരം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സുഹൃത്തുക്കളും നാട്ടുകാരും വിലാപയാത്രയായി കല്ലോട് കൊണ്ടുവന്നു. റോഡിന്റെ ഇരുവശങ്ങളിലും ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു. 8.15 ന് കല്ലോട് ബിജീഷിന്റെ വീടിന് സമീപം തയ്യാറാക്കിയ പ്രത്യേക പന്തലിൽ പൊതുദർശനത്തിന് വെച്ചു. സർക്കാരിന് വേണ്ടി ആർ.ഡി.ഒ വി.പി.അബ്ദുറഹ്‌മാൻ, തഹസിൽദാർ കെ.ഗോകുൽദാസ്, നാദാപുരം എ.എസ്.പി അംഗിത് അശോക് എന്നിവർ അന്തിമോപചാരമർപ്പിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണനുവേണ്ടി പ്രൈവറ്റ് സെക്രട്ടറി സി.മുഹമ്മദും കെ. മുരളീധരൻ എംപിക്ക് വേണ്ടി സത്യൻ കടിയങ്ങാടും പുഷ്പചക്രം സമർപ്പിച്ചു. ഒൻപതരയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ഭാര്യ അമൃത, മകൾ ദക്ഷ എന്നിവരെയും മാതാപിതാക്കളായ ബാലൻ, സുമ, സഹോദരൻ സിജീഷ് തുടങ്ങിയവരെയും സമാശ്വസിപ്പിക്കാൻ വിഷമിക്കുകയായിരുന്നു ബന്ധുക്കൾ.
കേരള പൊലീസിന്റെ ലാസ്റ്റ് പോസ്റ്റിനു ശേഷം 10 മണിയോടെ മരുമകൻ ബിജിത്ത് ചിതയ്ക്ക് തീ കൊളുത്തി. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിന്റെ മധുര ശിവഗംഗ യൂണിറ്റ് കമാൻഡന്റ് ജസ്റ്റിൻ റോബർട്ട്, ആലപ്പുഴ യൂണിറ്റിലെ ഇൻസ്‌പെക്ടർ എൻ.സി. ചാക്കോ, റായ്‌പൂർ യൂണിറ്റിലെ എ.എസ്.ഐ എസ്.കെ. സന്തോഷ് എന്നിവർ അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം നൽകി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. റീന, കെ.പി. അസ്സൻകുട്ടി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കുഞ്ഞമ്മദ് കുട്ടി, ബി.ജെ.പി നേതാവ് വി.കെ.സജീവൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.