കൽപ്പറ്റ: കൽപ്പറ്റയിൽ സൂര്യഗ്രഹണകാഴ്ച ഒരുക്കാൻ ഏകദിന ശില്പശാലയും പരിശീലനവും ഇന്ന് നടക്കും.
ഡിസംബർ 26 ലെ വലയ സൂര്യഗ്രഹണം കാണാൻ വയനാട് ജില്ലയെ സജ്ജമാക്കാനായി ടോട്ടം റിസോഴ്സ് സെന്റർ, വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ, കോഴിക്കോട് റീജ്യണൽ സയൻസ് സെന്റർ ആൻഡ് പ്ലാനറ്റേറിയം, കൽപറ്റ നഗരസഭ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശില്പശാലയും സൂര്യഗ്രഹണ കാഴ്ചയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെ നിർമാണ പരിശീലനവും നടത്തുന്നത്. കൽപറ്റ സിവിൽ സ്റ്റേഷനിലെ എ.പി.ജെ ഹാളിൽ വെച്ച് ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് 4.30 വരെയാണ് ശില്പശാല. ജില്ലാ കളക്ടർ ആദില അബ്ദുള്ള ശില്പശാല ഉദ്ഘാടനം ചെയ്യും. കോഴിക്കോട് പ്ലാനറ്റേറിയം ഡയറക്ടർ മാനസ് ബാഗ്ചി അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. ബാലഗോപാൽ, ടോട്ടം റിസോഴ്സ് സെന്റർ ഡയറക്ടർ അരുൺകുമാർ, കൽപറ്റ നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ്, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയൻ തുടങ്ങിയവർ സംസാരിക്കും.
സൂര്യഗ്രഹണത്തെ പറ്റിയുള്ള വിദഗ്ദ്ധരുടെ ക്ലാസുകളും സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകളുടെ പരിശീലനവും ഇതോടൊപ്പം ഉണ്ടായിരിക്കും. ഗ്രന്ഥശാല പ്രവർത്തകർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, കുടുംബശ്രീ ആർ.പിമാർ തുടങ്ങിയവർ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജയ്ശ്രീകുമാർ, (കോർഡിനേറ്റർ, ടോട്ടം റിസോഴ്സ് സെന്റർ), ഫോൺ: 9496612577.