കോഴിക്കോട് :ആയിരം കോഴി വരെ വളർത്തുന്ന ഫാമുകൾക്ക് ലൈസൻസ് വേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു.ഡിസംബർ മൂന്നിന് തദ്ദേശസ്വയം ഭരണ മന്ത്രി എ.സി മൊയ്തീന്റെയും കൃഷി മന്ത്രി വി.എസ് സുനിൽ കുമാറിന്റെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം .ഉത്തരവ് ഉടനിറങ്ങും.

കേരള സ്റ്റേറ്റ് പൗൾട്രി ഫാർമേഴ്‌സ് അസോസിയേഷൻ നിരന്തരം ഉന്നയിച്ചിരുന്ന ആവശ്യങ്ങളിൽ ഒന്നായിരുന്നു 5000 കോഴി വരെ വളർത്തുന്ന ഫാമുകളെ ലൈസൻസിൽ നിന്ന് ഒഴിവാക്കണമെന്ന്.അസോസിയേഷന്റെ ആവശ്യങ്ങൾ ഭാഗികമായി മാത്രമേ അംഗീകരിച്ചിട്ടുള്ളുവെങ്കിലും സംസ്ഥാനത്തെ കോഴി കർഷകരിൽ 75 ശതമാനവും ഈ വിഭാഗത്തിൽ ഉൾപ്പെടും.

ഇതിന് പുറമെ കുടുംബശ്രീയിൽ അംഗങ്ങളായ വനിതകൾക്ക് കോഴി വളർത്താൻ നാല് ശതമാനം പലിശ നിരക്കിൽ ഒന്നര ലക്ഷം രൂപ വരെ വായ്പ നൽകാനും തീരുമാനമുണ്ട്. രണ്ടും കൂടി ചേരുമ്പോൾ സംസ്ഥാനത്ത് ഇറച്ചി കോഴി ഉല്പാദനത്തിൽ വലിയ മുന്നേറ്റം ഉണ്ടാവുമെന്നാണ് കണക്ക്കൂട്ടൽ.

സർക്കാറിന്റെ തെറ്റായ നയം കാരണം വലിയ ബിസിനസ് സാദ്ധ്യതയുള്ള ഇറച്ചി കോഴി വളർത്തലിലേക്ക് ആരും വരാൻ താല്പര്യം കാണിച്ചിരുന്നില്ല. വന്നവർ തന്നെ പദ്ധതി ഉപേക്ഷിച്ച് പിന്മാറുകയായിരുന്നു.

കോഴി ഫാം ആരംഭിക്കുന്നതിനുള്ള ഏറ്റവും വലിയ കടമ്പ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കാനുള്ള ലൈസൻസ് ആയിരുന്നു.ഇതിനുള്ള ഉപാധികൾ പാലിക്കാൻ വളരെയേറെ പ്രയാസമായിരുന്നു.

പൗൾട്രി ഫാമേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ഈ മാസം പത്തിന് നടത്താനിരുന്ന സമര പ്രഖ്യാപന കൺവെൻഷനിൽ നിന്ന് പിന്മാറില്ലെന്ന് ജില്ലാ സെക്രട്ടറി നാരായണൻ അറിയിച്ചു.കോഴി വളർത്തൽ കൃഷിയിൽ ഉൾപ്പെടുത്തി ആനുകൂല്യം അനുവദിക്കുക, കോഴിത്തീറ്റയ്ക്ക് സബ്‌സിഡി അനുവദിക്കുക തുടങ്ങിയ കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല അദ്ദേഹം പറഞ്ഞു.