കൽപ്പറ്റ: ജോലി ചെയ്ത കാലത്തെ വേതനം നൽകിയില്ലെങ്കിൽ ലഭിക്കേണ്ട വേതനം കുടിശിക സഹിതം ലഭ്യമാക്കാൻ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.
വയനാട്ടിലെ സ്വകാര്യ ആശുപത്രിക്കെതിരെ മുണ്ടേരി സ്വദേശി കെ.പി.വിജയകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
പരാതിക്കാരൻ സ്വന്തം നിയമന ഉത്തരവും മറ്റ് രേഖകളും ഹാജരാക്കുന്ന മുറയ്ക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാനുള്ള നിർദ്ദേശം ആശുപത്രി മാനേജ്‌മെന്റിന് നൽകണമെന്ന് കമ്മീഷൻ ജില്ലാ ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകി. ആശുപത്രിയിൽ അസിസ്റ്റന്റ് മാനേജരായിട്ടാണ് പരാതിക്കാരൻ ജോലി ചെയ്തിരുന്നത്.
കമ്മീഷൻ ജില്ലാ ലേബർ ഓഫീസറിൽ നിന്ന് റിപ്പോർട്ട് വാങ്ങിയിരുന്നു. പരാതിക്കാരൻ ആശുപത്രി മാനേജ്‌മെന്റുമായി പൊലീസ്‌സ്റ്റേഷനിൽ നടത്തിയ ചർച്ചയിൽ വേതന കുടിശിക ലഭിച്ചതായി അറിയിച്ചിട്ടുണ്ടെന്നും നിയമന ഉത്തരവ് ഹാജരാക്കുന്ന മുറയ്ക്ക് ബത്തകൾ നൽകുമെന്നും കൽപ്പറ്റ അസിസ്റ്റന്റ് ലേബർ ഓഫീസർ കമ്മീഷനെ അറിയിച്ചു. എന്നാൽ സിറ്റിംഗ് സമയത്ത് ഹാജരായ പരാതിക്കാരൻ ലേബർ ഓഫീസറുടെ റിപ്പോർട്ട് വാസ്തവ വിരുദ്ധമാണെന്നും പൊലീസ്‌സ്റ്റേഷനിൽ യാതൊരു സന്ധിസംഭാഷണവും നടന്നിട്ടില്ലെന്നും അറിയിച്ചു.