പുൽപ്പള്ളി: മദ്യ ലഹരിയിലുണ്ടായ വാക്ക് തർക്കത്തിനിടെ അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു. പൂതാടി പഞ്ചായത്തിലെ നടവയൽ എടലാറ്റ് പണിയ കോളനിയിലെ മുരുകൻ (40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12ഓടെയായിരുന്നു സംഭവം. കൊയ്ത്ത് മെതി കഴിഞ്ഞ് മദ്യപിച്ച് കോളനിയിലെത്തിയ സഹോദരങ്ങൾ തമ്മിലുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും പരിക്കേറ്റ മുരുകൻ തത്ക്ഷണം മരിച്ചു. വഴക്കിനിടെ പരിക്കേറ്റ ഇവരുടെ മൂത്ത സഹോദരൻ രാജനെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിൽ പ്രവേശിപ്പിച്ചു. കൃത്യം നടത്തിയെന്ന് കരുതുന്ന ഇവരുടെ അനിയൻ കേശവൻ ഒളിവിലാണ്.
പരിക്കേറ്റ് കോളനി മുറ്റത്ത് ഗുരുതരാവസ്ഥയിൽ കിടന്നിരുന്ന രാജനെ കേണിച്ചിറ പൊലീസാണ് ബത്തേരി ആശുപത്രിയിലെത്തിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കയച്ചു.