കോഴിക്കോട്: ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ വിതരണം ചെയ്ത മോരിക്കര മാളിക്കടവ് റോഡ് സായ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസൻസ് റദ്ദാക്കി.

കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഭക്ഷ്യസുരക്ഷാ വകുപ്പ് കോഴിക്കോട് ജില്ലയിൽ 451 പരിശോധനകൾ നടത്തുകയും നിയമവ്യവസ്ഥകൾ ലംഘിച്ച 184 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. 123 സർവെയ്‌ലൻസ് സാമ്പിളുകളും 61 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. 38 സിവിൽ കേസുകളും 16 കിമിനൽ കേസുകളും ഫയൽ ചെയ്തു. ആർഡിഒ കോടതി വിവിധ കേസുകളിലായി 73000 രൂപ പിഴ വിധിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്നായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിണർ 2,14000 രൂപ പിഴ ഈടാക്കി. ഗുണനിലവാരം കുറഞ്ഞതോ മിസ്ബാൻഡഡ് ആയതോ സുരക്ഷിതമല്ലാത്തതോ ആയ ഭക്ഷ്യവസ്തുക്കളുടെ വിപണനത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിണർ അറിയിച്ചു. മെമ്മറീസ് 94, എവർഗ്രീൻ, കെപിഎസ് ഗോൾഡ്, കേരറാണി, കേരക്രിസ്റ്റൽ തുടങ്ങിയ വെളിച്ചെണ്ണ ബ്രാൻഡുകളുടെ നിർമ്മാണം, വിതരണം, വിൽപന എന്നിവ ജില്ലയിൽ നിരോധിച്ചു.