കോഴിക്കോട്: ജില്ലാ ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി ഐ.എം.എ ഹാളിൽ കതിര് കുടുംബ സംഗമം നടത്തി. കോഴിക്കോട് ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡി.ഇ.ഐ.സി (ഡിസ്ട്രിക്ട് ഏർലി ഇന്റർവെൻഷൻ സെന്റർ)യിൽ ചികിത്സയിലുള്ള കുട്ടികളുടെ കുടുംബ സംഗമമാണ് കതിര്. കുടുംബ സംഗമം ആർട്ടിസ്റ്റ് പ്രണവ് ആലത്തൂർ ഉദ്ഘാടനം ചെയ്തു. ജന്മനാ ഇരു കൈകളുമില്ലായിരുന്ന തന്നെ മാതാപിതാക്കൾ പുറം ലോകം കാണിച്ചില്ലായിരുന്നെങ്കിൽ ഈയൊരു ആത്മവിശ്വാസത്തോടെ നിങ്ങളുടെ മുമ്പിൽ ഇങ്ങനെ നിൽക്കാനാവില്ലായിരുന്നുവെന്ന് പ്രണവ് പറഞ്ഞു. മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പിന്തുണയോട് കൂടിയാണ് ഈ നിലയിൽ എത്തിയത്. ഇരു കൈകളും ഉണ്ടായിട്ടും ചിത്രം വരയ്ക്കാൻ കഴിയാത്തവരായി എത്രയോ പേരുണ്ട്. അവരിൽ നിന്നും വ്യത്യസ്തമായി നന്നായി ചിത്രം വരയ്ക്കാൻ കഴിയുന്നുണ്ട്. ചെറുപ്പം മുതലേ സ്‌കൂളുകളിലെ എല്ലാ പരിപാടികൾക്കും മത്സരിക്കുന്നത് ഒരു ഹരമായിരുന്നു. മത്സരങ്ങളിൽ പങ്കെടുത്ത് വൈകല്യങ്ങളെ മറികടക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രണവ് പറഞ്ഞു. വൈകല്യം ഒരു കുറവല്ല കുട്ടികളിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. വീട്ടുകാർ ഇന്നുവരെ ആഗ്രഹങ്ങൾക്ക് നോ പറഞ്ഞിട്ടില്ല. ഇപ്പോൾ ഡിഗ്രി കഴിഞ്ഞ് ജോലി തേടുകയാണെന്നും സർക്കാറിന്റെ ഭാഗത്തു നിന്നും നല്ല പ്രോത്സാഹനം ലഭിച്ചിട്ടുണ്ടെന്നും പ്രണവ് ആലത്തൂർ പറഞ്ഞു. പ്രണവ് കാൽ കൊണ്ട് ചിത്രം വരച്ചാണ് കതിര് കുടുംബസംഗമം ഉദ്ഘാടനം ചെയ്തത്. ആസ്റ്റർ വളണ്ടിയേഴ്സ് കുട്ടികൾക്കുള്ള സ്‌കൂൾ കിറ്റ് വിതരണവും പാരഗൺ ഗ്രൂപ്പ് ഉച്ചഭക്ഷണവും നൽകി. തുടർന്ന് കലാ പരിപാടികൾ അരങ്ങേറി. അഡീഷണൽ ഡി.എം.ഒ ഡോ. ആശാ ദേവി അദ്ധ്യക്ഷത വഹിച്ചു . ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ .നവീൻ എ. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ .മോഹൻദാസ്.ടി, ഗവ .ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ .ഉമ്മർ ഫാറൂഖ്, ഡെ.സൂപ്രണ്ട് ഡോ. സച്ചിൻ ബാബു ഐ.എം.എ പ്രസിഡന്റ് ഡോ. അനിൽ എൻ കുട്ടി, ഡോ അഷ്റഫ് ടി.പി, ഡോ .വിജയൻ, പി .ഡി ഇ.ഐ.സി മാനേജർ അജീഷ് ടി തുടങ്ങിയവർ പങ്കെടുത്തു.