സഞ്ചരിക്കുന്ന റേഷൻകട ഉദ്ഘാടനം ചെയ്തു

തൊണ്ടർനാട്: വിശപ്പ് രഹിത കേരളം എന്ന ലക്ഷ്യത്തിനായി എല്ലാവർക്കും ഭക്ഷ്യധാന്യം ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തെ റേഷൻ കടകൾ വൈവിധ്യവത്കരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. തൊണ്ടർനാട് ചുരുളി ആദിവാസി കോളനിയിൽ റേഷൻ സാധനങ്ങൾ എത്തിച്ചു നൽകുന്ന സഞ്ചരിക്കുന്ന റേഷൻകട ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരിയും ഗോതമ്പും മാത്രമല്ല ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങളെല്ലാം റേഷൻ കട വഴി വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ശബരി തേയിലയും മറ്റും റേഷൻ കടവഴി വിതരണം ചെയ്യുന്നത്. റേഷൻ വിതരണം കാര്യക്ഷമമാക്കാൻ കൂടുതൽ ധാന്യങ്ങളും പയറു വർഗ്ഗങ്ങളും മണ്ണെണ്ണയുമെല്ലാം സബ്സിഡി നിരക്കിലും അല്ലാതെയും അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മണ്ണെണ്ണ വിഹിതം കുറച്ചത് ഗ്രാമീണ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിന് പരിഹാരം കണ്ടെത്തും. അർഹതപ്പെട്ട എല്ലാവർക്കും റേഷൻ ഉറപ്പാക്കും. റേഷൻ വിതരണത്തിന് കുറ്റമറ്റ സംവിധാനമാണ് ഇവിടെ നിലവിലുള്ളത്. ഇടത്തട്ടുകാരെ പൂർണ്ണമായും ഒഴിവാക്കിയത് ഈ മേഖലയ്ക്ക് ഗുണകരമായി. അർഹതയുള്ള ആർക്കെങ്കിലും റേഷൻ കിട്ടുന്നില്ലെങ്കിൽ അതിന് വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കും. തുക ഇവരിൽ നിന്നും ഈടാക്കി ബന്ധപ്പെട്ടവർക്ക് റേഷൻ ബത്ത നൽകുമെന്നും മന്ത്രി പറഞ്ഞു.

ആദിവാസി കോളനിയിലേക്ക് റേഷൻ എത്തിക്കുന്ന സംവിധാനം ഇതിനകം ശ്രദ്ധനേടിയതാണ്. പരാതി രഹിതമായി ഈ പദ്ധതി നടത്താൻ സോഷ്യൽ ഓഡിറ്റ് ഏർപ്പെടുത്തും.

കമ്പ്യൂട്ടർവത്കരിച്ചതോടെ റേഷൻ വിതരണ സംവിധാനം സുതാര്യമായെന്നും മന്ത്രി പറഞ്ഞു. കോളനിയിലെ കൗണ്ടൻ ആനോത്തും അവ്വ ആനോത്തും മന്ത്രിയിൽ നിന്ന് റേഷൻ കിറ്റ് ഏറ്റുവാങ്ങി.
സി.കെ.ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു, തൊണ്ടർനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലോമി ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്തംഗം പ്രീത രാമൻ, ഡി.എഫ്.ഒ രമേഷ് കൃഷ്ണ, താലൂക്ക് സപ്ലൈ ഓഫീസർ പി.ഉസ്മാൻ, ടി.ഡി.ഒ ജി.പ്രമോദ്, ആർ.സുനില, കെ.വി.പ്രഭാകരൻ, ഊരുമൂപ്പൻ ചന്തു ചുരുളി, വിജയൻ ചെറുകര തുടങ്ങിയവർ സംസാരിച്ചു.

(ചിത്രം. ചുരുളി കോളനിയിൽ സഞ്ചരിക്കുന്ന റേഷൻകട ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യുന്നു)