കൽപ്പറ്റ: പ്രളയ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ കുടുംബശ്രീയുടെ പങ്ക് നിസ്തുലമാണെന്ന് ഭക്ഷ്യ സിവിൽ സപ്പൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. ജില്ലയിലെ കുടുംബശ്രീ പുനരധിവാസ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രളയത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രവർത്തിച്ചവർക്കുള്ള ഉപഹാരം മന്ത്രി വിതരണം ചെയ്തു.
കുടുംബശ്രീ വഴി സർക്കാർ 8 കോടിയുടെ പ്രളയ പുനരധിവാസ പ്രവർത്തനമാണ് വയനാട് ജില്ലയിൽ നടപ്പിലാക്കുന്നത്. ഇതിൽ പ്രളയബാധിതരായ കുടുംബശ്രീ കൃഷി ഗ്രൂപ്പുകൾക്ക് അവരുടെ കാർഷിക ആവശ്യങ്ങൾക്കായി വിത്ത്, വളം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വർധിപ്പിക്കുന്നതിനായി ഒന്നരക്കോടി രൂപയുടെ സഹായവും, നഷ്ടം സംഭവിച്ച
സംരംഭങ്ങൾക്ക് 50 ലക്ഷം രൂപയും വിതരണം ചെയ്തുവരുന്നുണ്ട്. കൽപ്പറ്റ ബ്ലോക്കിൽ ആറ് കോടി രൂപയുടെ സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം
പദ്ധതി നടപ്പിലാക്കും.

പ്രളയം ബാധിച്ച 956 ഗ്രൂപ്പുകൾക്കായി 28 കോടി രൂപയുടെ പലിശ രഹിത വായ്പ കുടുംബശ്രീ വഴി ജില്ലയിൽ വിതരണം ചെയ്തു.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന കൺസ്ട്രക്ഷൻ ഗ്രൂപ്പ് പ്രളയാനന്തര പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന
വീടുകളുടെ നിർമ്മാണ ഉത്തരവാദിത്വം ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു.
പൊഴുതന പഞ്ചായത്തിൽ കുടുംബശ്രീ കൺസ്ട്രക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പത്ത് വീടുകൾ
നിർമിച്ചു വരുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 41 ലക്ഷം രൂപയാണ് കുടുംബശ്രീ അംഗങ്ങൾ വയനാട് ജില്ലയിൽ നിന്നും നൽകിയത്.
പുത്തുമലയിൽ നാശനഷ്ടം ഉണ്ടായ വീടുകളുടെ അറ്റകുറ്റപ്പണികൾ,വയറിങ് പ്ലംബിങ് ജോലികൾ കുടുംബശ്രീ എറൈസ് ടീമിന്റെ നേതൃത്വത്തിൽ
നടത്തിയിരുന്നു.

പ്രളയത്തോടനുബന്ധിച്ച് പ്രവർത്തിച്ച ക്യാമ്പുകളിൽ ഭക്ഷണം പാചകം ചെയ്യൽ, ക്ലീനിംഗ്, കൗൺസിലിംഗ് ,ഭക്ഷണ സാധനമെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക്
കുടുംബശ്രീ സി.ഡി.എസുകൾ നേതൃത്വം നൽകി.

ചടങ്ങിൽ സനിത ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ
തമ്പി മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.സാജിത,രുക്മിണി, പ്രീത,വി.ടി മുരളി, കെ.എ ഹാരിസ് എന്നിവർ സംസാരിച്ചു.