സുൽത്താൻ ബത്തേരി: മോദി ഭരണത്തിൽ രാജ്യത്ത് നൂനപക്ഷ, ദളിത് പട്ടിക വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും സ്ത്രീകൾക്കും കൊച്ചുകുട്ടികൾക്കും നേരെയുള്ള പീഡനവും വർദ്ധിച്ചു വരുകയാണന്ന് രാഹുൽ ഗാന്ധി എം.പി. പറഞ്ഞു. സുൽത്താൻ ബത്തേരി നിയോജക മണ്ഡലം യു.ഡി.എഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി അമിത് ഷാ കൂട്ടുകെട്ടിൽ രാജ്യത്ത് മുമ്പെങ്ങും കാണാത്തവിധമുള്ള അക്രമവും പീഡനങ്ങളുമാണ് നടക്കുന്നത്. പുതിയ ദിശാബോധങ്ങൾക്ക് ഇന്ത്യയെയായിരുന്നു മറ്റ് ലോകരാഷ്ട്രങ്ങൾ മാതൃകയാക്കിയിരുന്നത്. അഹിംസയിലധിഷ്ഠിതമായ നമ്മുടെ നാട് ഇന്ന് അക്രമങ്ങൾക്കും പീഡനങ്ങൾക്കും പേര്‌കേട്ടനാടായി മാറി. ഇന്ത്യ ഭരിക്കുന്ന ഭരണകർത്തക്കളുടെ പ്രവർത്തനങ്ങളുടെ ഫലമാണിത്.

ഇന്ത്യൻ സമ്പദ്ഘടന ആകെ തകർന്നിരിക്കുകയാണ്. യു.പി.എ യുടെ ഭരണകാലത്ത് ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഒമ്പത് ശതമാനമായിരുന്നു. ഇപ്പോൾ നാല് ശതമാനമാണെന്നാണ് പറയുന്നത്. എന്നാൽ യഥാർത്ഥ കണക്കുകൾ സൂചിപ്പിക്കുന്നത് രണ്ടര ശതമാനമാണ്. ഈ വളർച്ചാ നിരക്ക് നോക്കിയാൽ തന്നെ നമ്മുടെ രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന് മനസിലാകും.

ഇന്ത്യയുടെ സാമ്പത്തിക രംഗം തകർന്ന് ആവശ്യ സാധനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് കുത്തനെ വില വർദ്ധിച്ചുവരികയാണ്. ഉള്ളിയുടെ വില ഡബിൾ സെഞ്ചുറി കടന്നു. വിലക്കയറ്റത്തെപ്പറ്റി ചോദിച്ചപ്പോൾ നമ്മുടെ ധനമന്ത്രി പറഞ്ഞത്. ഞാൻ സവോള കഴിക്കാറില്ലെന്നാണ്.

വ്യത്യസ്ത ആശയത്തിൽ വിശ്വസിക്കുന്നവരാണ് കേരളത്തിലെ ഇടതുപക്ഷമെങ്കിലും വയനാടിന്റെ കാര്യത്തിൽ കേരളത്തോടൊപ്പം നിലകൊള്ളും.

മെഡിക്കൽ കോളേജിന് സ്ഥലം കണ്ടെത്തുന്നതിന് വേണ്ടി മധ്യപ്രദേശ് സർക്കാരുമായി സംസാരിച്ച് ബീനാച്ചി എസ്റ്റേറ്റ് സ്ഥലം ലഭിക്കാൻ നടപടികൾ ഉടൻ സ്വീകരിക്കും. ഇതിന് വേണ്ടി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. മെഡിക്കൽ കോളേജ് ഉടൻ തന്നെ യാഥാർത്ഥ്യമാകും.
യു.ഡി.എഫ്.ചെയർമാൻ കെ.കെ.അബ്രാഹം അദ്ധ്യക്ഷത വഹിച്ചു.എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, എം.എൽ.എ മാരായ ഐ.സി.ബാലകൃഷ്ണൻ,എ.പി.അനിൽകുമാർ, യു.ഡി.എഫ് കൺവീനർ ടി.മുഹമ്മദ്, മുൻ എം.എൽ.എ കെ.സി.റോസക്കുട്ടി,എൻ.ഡി.അപ്പച്ചൻ, പി.പി.എ.കരീം, കെ.ൽ.പൗലോസ്, പി.വി.ബാലചന്ദ്രൻ,പി.ടി.ഗോപാലക്കുറുപ്പ് പി.പി.അയ്യൂബ്, കെ.ഭൂപേഷ്, സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.


ഫോട്ടോ


രാഹുൽഗാന്ധി എം.പി. ബത്തേരിയിൽ നടന്ന യു.ഡി.എഫ് നേതൃസംഗമത്തിൽ സംസാരിക്കുന്നു.