കുറ്റ്യാടി: വയനാട്ടിലേക്കുള്ള ചുരം റോഡിലെ പട്യാട്ട് പാലത്തിനോട് അടുത്ത് വലത് വശത്തെ പാതയോരം തകർന്ന് പുഴയിലേക്ക് പതിച്ചിരിക്കുകയാണ്. തകർന്ന പുഴയോരത്ത് കാട്ട് ചെടികൾ വളർന്നിരിക്കുന്നതിനാൽ പുഴയോരവും റോഡും തമ്മിലുള്ള അകലം ഡ്രൈവർമാർക്ക് വ്യക്തമായി മനസിലാക്കാൻ പറ്റാത്ത അവസ്ഥയിലാണ്. കൽപ്പറ്റ, മാനന്തവാടി, ബാംഗ്ലൂർ, മൈസൂർ, തുടങ്ങിയ ഭാഗങ്ങളിലേക്ക് നിരന്തരമായി കെ.എസ്ആർടി സി ബസുകളും കണ്ടൈനർ ട്രക്കുകളും, നൂറ് കണക്കിന് ചെറിയ വാഹനങ്ങളും കടന്നു പോകുന്ന ഈ വഴിയിൽ രണ്ട് ബസ്സുകൾ ഒരേ സമയം ഇരു ദിശകളിൽ നിന്നും എത്തിയാൽ മുന്നോട്ട് കടന്നു പോകാൻ പ്രയാസപ്പെടുകയും പുഴയിലേക്ക് തെന്നി വിഴാനുമുള്ള സാഹചര്യമാണ് നിലവിലുള്ളത്. വർഷങ്ങൾക്ക് മുൻപ് ബാംഗ്ലൂരിൽ നിന്നും വന്നിരുന്ന ആംബുലൻസ് പുഴയിലേക്ക് വീണു ആറ് പേർ മരണപെട്ടിരുന്നു. അതേ സമയം പട്യാട്ട് പാലം ശാസ്ത്രീയമായി മാറ്റി പണിത് റോഡിലെ അപകടാവസ്ഥ പരിഹരിക്കണമെന്ന അഭിപ്രായം ഉയരുകയാണ്.
കെ.എസ്.ടി.പി.യുടെ കീഴിലായിരുന്ന റോഡ് നിലവിൽ മരാമത്ത് വകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, വടകര ഭാഗങ്ങളിൽ നിന്നും കർണാടകത്തിലേക്കുള്ള അടുത്ത വഴിയും അപകട സാദ്ധ്യത കുറഞ്ഞ ചുരം പാതയുമാണ് കാവിലുംപാറ,വയനാട് ചുരം റോഡ് .