കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് ബീനാച്ചിയിൽ സ്ഥാപിക്കണമെന്ന രാഹുൽഗാന്ധി എംപിയുടെ അഭിപ്രായം സംബന്ധിച്ച് യു.ഡി.എഫ് നിലപാട് വ്യക്തമാക്കണമെന്ന് എൽ.ഡി.എഫ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. എത്രയും വേഗം മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്ന എം പിയുടെ അഭിപ്രായം തന്നെയാണ് എൽ.ഡി.എഫിനും. ഇതിനായി ചുണ്ടേൽ വില്ലേജിൽ കണ്ടെത്തിയ ഭൂമിയിൽ നിർമിക്കാൻ പിന്തുണക്കുകയാണ് വേണ്ടതെന്നും എൽ.ഡി.എഫ് പ്രസ്താവനയിൽ പറഞ്ഞു.
മടക്കിമലയിൽ തന്നെ മെഡിക്കൽ കോളേജ് ആരംഭിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുമ്പോഴാണ് രാഗുൽഗാന്ധി ബീനാച്ചി എസ്‌റ്റേറ്റ് മുന്നോട്ടുവെക്കുന്നത്. ഇതിലൂടെ അദ്ദേഹം മടക്കിമലയിലെ ഭൂമി തള്ളിക്കളയുകയാണ്. ചുണ്ടേലിലെ ഭൂമി സംബന്ധിച്ച് യാതൊരു നിയമ തടസങ്ങളും നിലവിലില്ല. ഇക്കാര്യത്തിൽ ചില കോൺഗ്രസ് നേതാക്കൾ എംപിയെ തെറ്റിദ്ധരിപ്പിച്ചതാണ്. കാലവർഷ കെടുതിമൂലം ഭൂമി ഏറ്റെടുക്കുന്നതിൽ അൽപ്പംകാലാതാമസം നേരിട്ടത് മാത്രമാണ് പ്രശ്നം.
സാമൂഹ്യാഘാത പഠനം അടക്കം കഴിഞ്ഞു. ഇത്തരമൊരു ഘട്ടത്തിൽ നിൽക്കുമ്പോൾ പുതിയൊരു സ്ഥലം നിർദേശിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കും. എത്രയും വേഗം നിർമാണം നടക്കണമെന്നുള്ളതുകൊണ്ടാണ് സൗജന്യമായി ലഭിച്ചില്ലെങ്കിൽ വില കൊടുത്താണെങ്കിൽ പോലും ഭൂമി ഏറ്റെടുക്കാൻ സർക്കാർ നിർബന്ധിതരായത്. ഇതിനെ തകർക്കാർ ഒരു വിഭാഗം ശക്തമായി ശ്രമിക്കുന്നുണ്ട്.
ബീനാച്ചി എസ്‌റ്റേറ്റ് കൈമാറുന്നതിലെ സാങ്കേതിക നടപടികൾ ചെറുതല്ല. അത്തരമൊരു ശ്രമം മെഡിക്കൽ കോളേജ് വീണ്ടും അനിശ്ചിതത്വത്തിലാക്കാനേ ഉപകരിക്കൂ എന്ന് എൽ.ഡി.എഫ് വ്യക്തമാക്കി.