rasheed
മണ്ടേപുറം റഷീദ്

കുറ്റ്യാടി (കോഴിക്കോട്): തോക്ക് സ്വന്തമായി നിർമ്മിച്ച സുഹൃത്തിനൊപ്പം നായാട്ടിനിറങ്ങിയ യുവാവ് വെടിയേറ്റു മരിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ വാളുക്ക് ഇന്ദിരാ നഗറിൽ പെയിന്റിംഗ് തൊഴിലാളിയായ മണ്ടേപ്പുറം റഷീദാണ് (33) മരിച്ചത്. സുഹൃത്ത് വളയംതൊട്ടിയിൽ ലിബിൻ മാത്യുവിനെ (28) കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്‌തു. കാട്ടുമൃഗത്തെ വെടിവയ്ക്കാനുള്ള ശ്രമത്തിനിടെ അബദ്ധത്തിൽ വെടി പൊട്ടിയെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ വാളുക്കിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പുള്ളിപ്പാറയിലായിരുന്നു സംഭവം. റഷീദിന് വെടിയേറ്റതായി ലിബിൻ മാത്യു ഒമ്പത് മണിയോടെ നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. റഷീദിന്റെ തലയുടെ ഇടതുവശത്ത് ചെവിക്കടുത്തായാണ് വെടിയേറ്റത്.

തോക്കുണ്ടാക്കുന്നത് യു ട്യൂബിലൂടെയാണ് ലിബിൻ പഠിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ലിബിൻ മാത്യുവുമായി കുറ്റ്യാടി സി.ഐ എൻ.സുനിൽകുമാർ, എസ്.ഐ പി.റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് തെളിവെടുത്തു. കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് വിദഗ്ദ്ധർ മൃതദേഹം പരിശോധിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മത് - ഹാജിറ ദമ്പതികളുടെ മകനാണ് റഷീദ്. ഭാര്യ: സറീന. മക്കൾ: ഹന്ന ഫാത്തിമ, മുഹമ്മദ് സൈനുൽ അബ്‌ദീൻ.