കുറ്റ്യാടി : വേളം ഗ്രാമപഞ്ചായത്തിലെ നാല് റോഡുകൾ സംഗമിക്കുന്ന പൂമുഖം ജംഗ്ഷനിൽ വാഹനങ്ങൾ തമ്മിൽ കൂടിയിടിച്ചും റോഡിന് കുറുകെയുള്ള കാൽനടയാത്രയ്ക്കിടയിലും അപകടമുണ്ടാവുന്നത് നിത്യ സംഭവമാവുകയാണ്. കാവിൽ, തീക്കുനി,അരൂർ, ഗുളിക പുഴ,പൂമുഖം, പുളിഞ്ഞോളിമുക്ക്, തുടങ്ങിയ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ കടന്ന് പോകുന്നത് പൂമുഖം ജംഗ്ഷനിൽ കൂടിയാണ്. വിശാലമായ സൗകര്യം ജംഗ് ഷനിൽ ഉണ്ടെങ്കിലും ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെയില്ല. ഇത് കാരണം അമിത വേഗതയിൽ ഇവിടെ എത്തുന്ന വാഹനങ്ങൾ നിയന്ത്രണം നഷ്ടപെട്ട് അപകടത്തിൽ പെടുകയാണ്. വടകര ഭാഗത്ത് നിന്ന് കുറ്റ്യാടി വഴി വയനാടിലേക്കും, പെരുവണ്ണാമൂഴി, ടൂറിസ്റ്റ് കേന്ദ്രമായ മരുതോങ്കര ജാനകി കാട്ടിലേക്കും എത്താവുന്ന എളുപ്പ വഴിയാണിത്. കുറ്റ്യാടി, വടകര ഭാഗങ്ങിലേക്ക് വിദ്യാർത്ഥികൾ ഉൾപെടെയുള്ള നൂറ് കണക്കിന് യാത്രക്കാർ എത്തുന്ന പൂമുഖം ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതും ജനങ്ങൾക്ക് പ്രയാസമേറുകയാണ്. വെയിലത്തും, മഴയത്തും വാഹനങ്ങളെ കാത്ത് നിൽക്കേണ്ട അവസ്ഥയാണ്. നിരന്തര അപകടമേഖലയായ ജംഗ്ഷനിൽ സിബ്രാ ലൈനുകളോ ഡിവൈഡറുകളോ സ്ഥാപിക്കേണ്ടിയിരിക്കുന്നു.