മേപ്പാടി: കോളനി നിവാസികളുടെ പ്രശ്നങ്ങൾ കേൾക്കാൻ മേപ്പാടി ചൂരൽമല അബേദ്ക്കർ കോളനിയിലെത്തിയ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ളയ്ക്ക് മുന്നിൽ കോളനിനിവാസികൾ പരാതികളുടെ കെട്ടഴിച്ചു. കോളനിയിലെ അങ്കണവാടി കേന്ദ്രത്തിൽ നടന്ന അദാലത്തിൽ 110 ഓളം പരാതികളാണ് ജില്ലാകളക്ടർക്ക് മുമ്പിലെത്തിയത്. ഭൂരിഭാഗം അപേക്ഷകളിലും കളക്ടർ നേരിട്ട് പരിഹാരവും നിർദ്ദേശിച്ചു. മറ്റുളളവയിൽ അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

പ്രളയാനന്തര ധനസഹായം, വീട്, റേഷൻകാർഡ്, കുടിവെളളം, സ്വയംതൊഴിൽ, ചികിൽസാ ധനസഹായം,ആധാർ കാർഡ്, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുളള അപേക്ഷകളായിരുന്നു കൂടുതലും.
പട്ടികവർഗ്ഗ വകുപ്പിന്റെ സഹകരണത്തോടെ മാസത്തിലൊരിക്കൽ കോളനികളിലെത്തി അവരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ കളക്ടർ ചൂരൽമല അബേദ്ക്കർ കോളനിയിലെത്തിയത്. സമീപ കോളനികളായ ഏലവയൽ, അത്തിചോട്, വില്ലേജ് കോളനി, അയ്യപ്പൻകോളനി എന്നിവിടങ്ങളിൽ താമസിക്കുന്നവരും പരാതികളുമായി എത്തി.
ജില്ലാ പോലീസ് മേധാവി ആർ.കറപ്പസാമി, വനംവകുപ്പ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി,റവന്യൂ,പൊലീസ്, ഭക്ഷ്യവിതരണം തുടങ്ങിയ വകുപ്പ് അധികൃതരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.

ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ കെ.സി ചെറിയാൻ, വൈത്തിരി തഹസിൽദാർ അബ്ദുൾ ഹാരിസ്, കുടുംബശ്രീ മിഷൻ കോർഡിനേറ്റർ, പി.സാജിത, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ വി.ജി.വിജയകുമാർ, ഡി.പി.എം. ഡോ.ബി.അഭിലാഷ് , ഡി.വൈ.എസ്.പി ടി.പി ജേക്കബ് തുടങ്ങിയവർ അദാലത്തിന് നേതൃത്വം നൽകി.