അഞ്ചുകുന്ന്: കുടുംബ ജീവിതത്തിലെ പ്രയാസങ്ങളിൽ ആശ്വാസം പകരുകയാണ് സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ സീതാലയം,പുനർജനി പദ്ധതികൾ. നിത്യജീവിതത്തിൽ സ്ത്രീകൾ നേരിടുന്ന ശാരീരികവും മാനസികവുമായ സമ്മർദങ്ങൾക്ക് സീതാലയം പരിഹാരം കാണുന്നു. പുരുഷൻമാർക്ക് ലഹരി വിമോചന ചികിത്സയാണ് പുനർജനിയിൽ നൽകുന്നത്. അവിവിവാഹിതരായ അമ്മമാർ, വിവാഹ മോചിതർ, മദ്യപാനികളുടെ ഭാര്യമാർ, മാനസിക രോഗികൾ, മാനസിക സമ്മർദം അനുഭവിക്കുന്നവർ, മാനസിക പ്രശ്നങ്ങളുള്ള കുട്ടികളുടെ അമ്മമാർ തുടങ്ങിയവർക്കാണ് സീതാലയം വഴി കൗൺസിലിംഗ് നൽകുന്നത്. അഞ്ചുകുന്നിലെ ഹോമിയോ ആശുപത്രിയിലാണ് സീതാലയം ക്ലിനിക് പ്രവർത്തിക്കുന്നത്. ഏപ്രിൽ മുതൽ സീതാലയത്തിൽ 1145 പേരാണ് വിവിധ പ്രശനങ്ങളുമായി ചികിത്സയ്ക്ക് എത്തിയത്.
മെഡിക്കൽ ഓഫീസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, നിയമവിദഗ്ധർ എന്നിവരുടെ സഹായം സീതാലയത്തിൽ നൽകുന്നുണ്ട്.
ലഹരിവിമോചന ചികിത്സ നൽകുന്ന പുനർജനിയിൽ എത്തുന്നവരെ നിരീക്ഷിച്ച് കൗൺസിലിങ്ങിന് വിധേയമാക്കും. മദ്യാസക്തി, ലഹരി ഉപയോഗം തുടങ്ങിയവയ്ക്ക് അടിമയായവരെ സാധാരണ ജീവിതത്തിലേക്ക് പുനർജനിയിലൂടെ തിരികെ എത്തിക്കുകയാണ് ചെയ്യുന്നത്.
ഒന്നര വർഷത്തിനുള്ളിൽ 430 പേർ പുനർജനിയിലൂടെ പുതിയ ജീവിതം തുടങ്ങി. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പുനർജനി ക്ലിനിക്ക് പ്രവർത്തിക്കുന്നത്. മറ്റു ഒ.പികളിൽ നിന്ന് വ്യത്യസ്തമായി രോഗികളുടെ പ്രശ്നങ്ങൾ അറിയാനും ചികിത്സ നിർദേശിക്കാൻ ഈ ക്ലിനിക്കിലൂടെ കഴിയുന്നുണ്ട്.
സംസ്ഥാനത്ത് 14 ജില്ലാ ഹോമിയോ ആശുപത്രികളിലും ഈ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാണ്. കിടത്തി ചികിത്സാ സൗകര്യവും ആശുപത്രിയിൽ ലഭ്യമാണ്.
(ചിത്രം. അഞ്ചുകുന്ന് ഹോമിയോ ആസ്പത്രിയിൽ പ്രവർത്തിക്കുന്ന സീതാലയം ക്ലിനിക്ക്)