കൽപ്പറ്റ: വ്യക്തി വിദ്വേഷത്തിന്റെ മറവിൽ കഴമ്പില്ലാത്ത പരാതികളിൽ വനിതാ കമ്മിഷനെ നിരന്തരമായി സമീപിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ വനിതാ കമ്മിഷൻ നടത്തിയ സിറ്റിംഗിൽ ഇന്നലെ 26 പരാതികൾ പരിഗണിച്ചു. പരാതികളിൽ 5 എണ്ണം തീർപ്പാക്കി. 3 പരാതികളിൽ റിപ്പോർട്ട് തേടി. 18 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.
80 വയസ്സുകാരൻ 56 വയസ്സുകാരിയെ പുനർവിവാഹം ചെയ്ത് 2 വർഷത്തിനുശേഷം ഭാര്യയെ സംരക്ഷിക്കുന്നില്ല എന്ന പരാതി വനിതാ കമ്മീഷനു മുമ്പാകെ വന്നു. രണ്ടാം ഭർത്താവിന്റെ മൂത്ത മകനോട് സ്ത്രീയെ സംരക്ഷിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. അന്ധവിശ്വാസത്തിന്റെ മറവിൽ കുട്ടികളെ ഭീതിപ്പെടുത്തുന്ന രീതിയിലുള്ള മൃഗങ്ങളുടെ തല പ്രദർശിപ്പിക്കുന്നത് നിർത്തണമെന്ന് കമ്മീഷൻ നിർദേശിച്ചു. വീടിനടുത്ത് അയൽവീട്ടുകാർക്ക് ഭീഷണിയാകുന്ന വിധത്തിൽ മൃഗങ്ങളുടെ തലകൾ പ്രദർശിപ്പിക്കുന്നു എന്ന വീട്ടമ്മയുടെ പരാതിയിൽ ആണ് നടപടി.
അഡ്വ എം.എസ് താര, അഡ്വ.ഷിജി ശിവജി, വനിത കമ്മീഷൻ എസ്. ഐ രമ എന്നിവരുടെ നേതൃത്വത്തിലാണ് സിറ്റിംഗ് നടന്നത്.
(ചിത്രം.കളക്‌ട്രേറ്റിൽ നടന്ന സിറ്റിങ്ങിൽ കമ്മീഷൻ അംഗങ്ങൾ പരാതി കേൾക്കുന്നു)