മാലിന്യം സംസ്ഥാനത്തെ സ്വകാര്യ മേഖലയിൽ നിർമ്മിച്ച ആദ്യ ബസ് സ്റ്റാൻഡിൽ
നഗരത്തിലെ മാലിന്യങ്ങൾ എഴുമാസമായി ഇവിടെ കുന്നുകൂടുന്നു
രാമനാട്ടുകര: രാമനാട്ടുകര ബസ് സ്റ്റാന്റിനോട് ചേർന്നുള്ള സ്ഥലത്ത് മാലിന്യ കൂമ്പാരത്തിന്റെ 'അനധികൃത പാർക്കിംഗ്'. മഴ പെയ്തതോടെ മാലിന്യം ചീഞ്ഞു സമീപത്തെ വയലിലെ വെള്ളത്തിൽ കലർന്നോടെ സമീപ വാസികളുടെ കിണറുകളിലേക്ക് ദുർഗന്ധമുള്ള വെള്ളം ഒഴുകിയെത്തുന്നതായി പരാതി. ബസ് സ്റ്റാൻഡിലെ കക്കൂസ് ടാങ്കിൽ നിന്നും നിറഞ്ഞു പുറത്തേക്കു ഒഴുകുന്ന വെള്ളം കരിങ്കല്ല് കെട്ടിലൂടെ വയലിലെ വെള്ളത്തിൽ കലരുന്നതായും പരാതിയുണ്ട്. മെഡിക്കൽ കോളേജ്,പെരുമണ്ണ,വാഴയൂർ,ഭാഗത്തേക്ക് പോകുന്ന ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്ന സ്ഥലത്തിന് സമീപത്താണ് മാലിന്യ കൂനയുള്ളത്.
എല്ലാത്തിനും ഒരു മറ
ഇവിടെ ഒരു ഷീറ്റ് മറ ഉള്ളതിനാൽ മാലിന്യകുന്ന് ആളുകളുടെ ശ്രദ്ധയിൽ അത്ര പെട്ടെന്ന് കാണില്ല . ബസുകൾ നിർത്തിയിടുന്നതിന് തൊട്ടു തന്നെയാണ് ഈ മറ. എൻ.എച്ച് - ഹോമിയോ ആശുപത്രി റോഡിലെ ഡ്രെയിനേജിലേക്ക് ഈ മലിന ജലം ഒഴുകി തളം കെട്ടി കിടക്കുകയാണ്. ഇതോടെ ഈ ഭാഗത്ത് കൊതുകു ശല്യവും പെരുകിയിട്ടുണ്ട്. ഇവിടെ കൂട്ടിയിടുന്ന മാലിന്യം നീക്കുന്നതിൽ നഗരസഭയും,ബസ് സ്റ്റാൻഡ് നടത്തിപ്പുകാരും തർക്കത്തിലാണ്. രാമനാട്ടുകര ബസ് സ്റ്റാൻഡിലെ അറ്റകുറ്റപണിയും മറ്റും സ്റ്റാൻഡ് നടത്തിപ്പുകാർ ചെയ്യണമെന്നാണ് നേരത്തെയുള്ള കരാർ. സമീപവാസികൾ ദുർഗന്ധം സഹിച്ചാണ് ഇവിടെ ജീവിക്കുന്നത്.ഇത് സംബന്ധിച്ച് നഗരസഭാ അധികൃതർക്ക് പരാതി നൽകിയിട്ടുമുണ്ട് .ബസ് സ്റ്റാൻഡിനു സമീപമുള്ള ഹോമിയോ ആശുപത്രി റോഡിൽ ആളുകൾ മല-മൂത്ര വിസർജ്ജനം നടത്തുന്നതും വിദ്യാർത്ഥികൾ അടക്കമുള്ള വഴിയാത്രക്കാർക്ക് ഏറെ ദുരിതമാണ് ഉണ്ടാക്കുന്നത്.