കോഴിക്കോട്: വിലക്കയറ്റത്തിനും സംസ്ഥാന സർക്കാർ നടത്തുന്ന ധൂർത്തിനുമെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 12ന് കളക്ട്രേറ്റ് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ പത്തിന് ആരംഭിക്കുന്ന മാർച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപ നേതാവ് എം.കെ. മുനീർ എം.എൽ.എ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാകുമ്പോൾ ഭൂമിയിലും ആകാശത്തിലും ധൂർത്തടിച്ച് സർക്കാർ പൊതുഖജനാവ് കൊള്ളയടിക്കുകയാണെന്ന് യു.ഡി.എഫ് കൺവീനർ എം.എ. റസാഖ് പറഞ്ഞു.
പ്രളയദുരിതബാധിതർക്ക് നഷ്ടപരിഹാരം പോലും നൽകാതെ സർക്കാർ ധൂർത്ത് തുടരുന്നത് പ്രതിഷേധാർഹമാണ്. വിലക്കയറ്റം തടഞ്ഞ് നിറുത്തുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലേറിയ സർക്കാർ സിവിൽ സപ്ലൈസ് വഴിയുള്ള സാധനങ്ങളുടെ സബ്സിഡി പോലും നിറുത്തലാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സി.പി.എമ്മിലെ കൊലക്കേസ് പ്രതികളെ രക്ഷിക്കാൻ ഖജനാവിലെ പണം ധൂർത്തടിച്ച സർക്കാർ വാളയാർ കേസ് വരെ അട്ടിമറിക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ് പറഞ്ഞു. സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയുടെ കടിഞ്ഞാൺ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നഷ്ടപ്പെട്ടു. പൗരത്വബില്ലിലെ കേന്ദ്രസർക്കാരിന്റെ നിലപാട് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്ന് മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല പറഞ്ഞു.കേരള ബാങ്കുമായി ബന്ധപ്പെട്ട് സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ്. കേരള ബാങ്ക് നിലവിൽ വന്നിട്ടില്ല. സംസ്ഥാന ബാങ്കിലേക്ക് 13 ജില്ലാ സഹകരണ ബാങ്കുകളുടെ ആസ്തിയും ബാധ്യതയും ലയിപ്പിച്ചതാണ്. കേരള ബാങ്കിന്റെ രൂപീകരണം സഹകരണ ബാങ്കുകളെ കുളം തോണ്ടുന്ന നടപടിയാണെന്നും ഭാരവാഹികൾ പറഞ്ഞു.
കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ വരും നാളിൽ സമരം ശക്തമാക്കുമെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, എം.വി. ബാബുരാജ്, കെ.പി. രാധാകൃഷ്ണൻ, അഷറഫ് മണലൊടി, മനോജ് ശങ്കരനെല്ലൂർ, ശരത് മോഹൻ എന്നിവരും പങ്കെടുത്തു.