കോഴിക്കാേട്: എസ്.എൻ.ഡി.പി യോഗത്തെ എങ്ങനെയും തകർക്കുകയെന്ന ചിലരുടെ ഗൂഢലക്ഷ്യമാണ് മെെക്രോ ഫിനാൻസ് പദ്ധതിയെച്ചൊല്ലിയുള്ള ആരോപണങ്ങൾക്കു പിന്നിലെന്ന് യോഗം വെെസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പളളി പറഞ്ഞു.

യോഗത്തിന്റെ മെെക്രോ ഫിനാൻസ് പദ്ധതിയിൽ നിന്ന് ഒരു രൂപ പോലും എടുക്കാൻ യൂണിയൻ ഭാരവാഹികൾക്ക് പറ്റില്ല. വ്യാപകമായി കൃത്രിമം എന്നു പ്രചരിപ്പിച്ച് യോഗത്തെ ആക്രമിക്കാനാണ് ചിലരുടെ ശ്രമം. ഇതൊന്നും വിലപ്പോവില്ല. ചിലയിടങ്ങളിൽ പരാതിയുണ്ടായിട്ടുണ്ടെന്നത് വസ്തുതയാണ്. അവിടങ്ങളിൽ നേതൃത്വം ശക്തമായ നടപ‌ടിയെടുത്തിട്ടുമുണ്ട്.

എസ്.എൻ.ഡി.പി യോഗം മാവൂർ യൂണിയന്റെ മെെക്രോ ഫിനാൻസ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു തുഷാർ. ഒൻപത് യൂണിറ്റുകൾക്കായി 45 രൂപയാണ് വിതരണം ചെയ്തത്.

പിന്നിട്ട പത്തു വർഷം യോഗത്തിന്റെ സുവർണകാലമാണെന്നും തുഷാർ പറഞ്ഞു. സംഘടനാതലത്തിലും വിദ്യാഭ്യാസ, വ്യാവസായിക രംഗത്തും വൻവളർച്ചയാണ് കൈവരിച്ചത്. മെെക്രോ ഫിനാൻസ് പദ്ധതി വഴി വിതരണം ചെയ്തത് ഏഴായിരം കോടി രൂപയാണ്. നൂറിനടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളായി. രണ്ടു ലക്ഷത്തോളം മെെക്രോ യൂണിറ്റുകൾ വന്നു. ഇതെല്ലാം കാണിക്കുന്നത് വൻവളർച്ചയാണ്.

സമുദായത്തിന്റെ വളർച്ചയുടെ ചാലകശക്തിയാണ് മെെക്രാേ ഫിനാൻസ് പദ്ധതിയെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ തന്നെ കാര്യമായ ചലനമുണ്ടാക്കാൻ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം, പലരുടെയും കണ്ണിലെ കരടുമാണിത്. പദ്ധതി തകർക്കാൻ സമുദായാംഗങ്ങളായ രാഷ്ട്രീയക്കാർ തന്നെ ശ്രമിച്ചിട്ടുണ്ട്. മെെക്രോ ഫിനാൻസിന്റെ പേരിൽ യോഗം ജനറൽ സെക്രട്ടറിക്കെതിരെ ഒരു കേസ് പോലും എടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. പദ്ധതിപ്രകാരം തുക നൽകുന്നത് സമുദായാംഗങ്ങളായ അമ്മമാർക്കാണ്. തിരിച്ചടവ് കൃത്യമാണ്. തുക പിരിക്കാൻ ഒരു ബാങ്ക് മാനേജർക്കും കഷ്ടപെടേണ്ടി വരുന്നില്ല.

യാേഗം അസി. സെക്രട്ടറി അഡ്വ.മഞ്ചേരി രാജൻ പദ്ധതി വിശദീകരിച്ചു. മാവൂർ യൂണിയൻ സെക്രട്ടറി സത്യൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി. സി. അശോകൻ അദ്ധ്യക്ഷനായിരുന്നു. യോഗം ഡയറക്ടർ രജീന്ദ്രനാഥ്, അഡ്വ. രമേശ് ബാബു, ഗിരി പാമ്പനാൽ, വി.പി. ഭാസ്കരൻ, രഞ്ചുഷ എന്നിവർ സംബന്ധിച്ചു.

ചടങ്ങിനോടനുബന്ധിച്ച് ദെെവദശകം അടിസ്ഥാനമാക്കി അനർഘ അവതരിപ്പിച്ച മോഹിനിയാട്ടവും ഉണ്ടായിരുന്നു.