-സുപ്രീംകോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിക്കുമ്പോൾ വയനാട്ടുകാരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിക്കുന്നതിന്
-സുപ്രീംകോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിക്കുന്നതിന്റെ മുന്നോടിയായാണ് മന്ത്രിതല ചർച്ച
-മന്ത്രിതല ചർച്ചയിൽ വയനാടിന്റെ പ്രധാന മൂന്ന് ആവശ്യങ്ങൾ ഉന്നയിക്കും.
-ചർച്ച കാലത്ത് 11.30-ന് ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രിയുടെ ഓഫീസിൽ വെച്ച്.
- ഗതാഗത വകുപ്പ് മന്ത്രിക്ക് പുറമെ വനം ,പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും
-ജില്ലയിലെ മൂന്ന് എം.എൽ.എ മാരും ആക്ഷൻ കമ്മറ്റി പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും
-സത്യവാങ്ങ്മൂലം സമർപ്പിക്കുന്നതിന് കോടതി അനുവദിച്ച സമയപരിധിക്ക് ഇനി 16 ദിവസം കൂടി

സുൽത്താൻ ബത്തേരി : ദേശീയപാത 766-ലെ രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിക്കേണ്ട സത്യവാങ്ങ്മൂലം തയ്യാറാക്കുന്നതിന് മുന്നോടിയായി ഇന്ന് തിരുവനന്തപുരത്ത് മന്ത്രിതല ചർച്ച നടക്കും.ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശിന്ദ്രന്റെ ഓഫീസിൽ വെച്ചാണ് ചർച്ച. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ, വനം വകുപ്പ് മന്ത്രി പി.രാജു,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥൻമാർ എന്നിവരും ജില്ലയിലെ മൂന്ന് എം.എൽ.എ മാരും, ദേശീയപാത 766 ട്രാൻസ്‌പോർട്ട് പ്രൊട്ടക്ഷൻ ആക്ഷൻ കമ്മറ്റി ഭാരവാഹികളും ചർച്ചയിൽ പങ്കെടുക്കും.
കഴിഞ്ഞ 15-നാണ് രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട കേസ് അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. അന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സംസ്ഥാന പാതകളും പ്രധാനപ്പെട്ട ജില്ലയിലെ റോഡുകളും വീതികൂട്ടി ബലപ്പെടുത്തി ദേശീയപാത വിലവാരത്തിലേക്ക് ഉയർത്തിയാൽ എൻ.എച്ച് അടയ്ക്കാമെന്നും അതിന് അതാത് സംസ്ഥാനങ്ങൾ മുൻകയ്യെടുക്കണമെന്നും കാണിച്ച് സുപ്രീംകോടതിയിൽ സത്യവാങ്ങ് മൂലം നൽകിയിരുന്നു. ഇതിൽ അഭിപ്രായം അറിയാൻ സംസ്ഥാന സർക്കാരിന് ആറ് ആഴ്ച സമയം അനുവദിക്കുകയുണ്ടായി. ഇതിൻമേലുള്ള അഭിപ്രായ രൂപീകരണത്തിനാണ് ഇന്ന് മന്ത്രിതല ചർച്ച നടക്കുന്നത്. സുപ്രീം കോടതി അനുവദിച്ച സമയപരിധി കഴിയാൻ ഇനി പതിനാറ് ദിവസമേയുള്ളു.
ദേശീയപാത 766-ലെ രാത്രി യാത്ര നിരോധനം പിൻവലിക്കണമെന്നും മുഴുവൻ സമയം പാത അടയ്ക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്നും ആവശ്യപ്പെട്ട് ട്രാൻസ്‌പോർട്ട് പ്രൊട്ടക്ഷൻ ആക്ഷൻ കമ്മറ്റിയുടെ പ്രക്ഷോഭങ്ങൾക്ക് പിൻതുണയുമായി സുൽത്താൻ ബത്തേരിയിൽ യുവജനകൂട്ടായ്മ നടത്തിയ സമരത്തിൽ വയനാട്ടിലുള്ളവരുടെ അഭിപ്രായങ്ങൾകൂടി വിഷയത്തിൽ കേൾക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽകൂടിയാണ് ആക്ഷൻ കമ്മറ്റിയെകൂടി പങ്കെടുപ്പിച്ച് അഭിപ്രായ രൂപീകരണം നടത്തുന്നത്. അതിനിടെ ദേശീയപാത 766 അടയ്ക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കുകയുണ്ടായി.
ചർച്ചയിൽ മൂന്ന് പ്രധാന കാര്യങ്ങളാണ് ഉന്നയിക്കുന്നത്. ദേശീയപാത 766-ന് ബദൽ പാതയല്ല നിലവിൽ ഉയർത്തികാണിക്കുന്ന കുട്ട-ഗോണികുപ്പ റോഡ്. ഈ റോഡ് ചാമരാജ്നഗറും ബത്തേരി താലൂക്കുമായി എവിടെയും അതിർത്തി പങ്കിടുന്നില്ല. ദേശീയപാത അടയ്ക്കുന്നതോടെ 160 കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കേണ്ടി വരും.ബദൽപാതയായി ഉയർത്തികാണിക്കുന്ന റോഡിന് വെറും ആറ് മീറ്റർ മാത്രമാണ് വീതി. അതേസമയം എൻ.എച്ച് 766-ന് 14 മീറ്റർ വീതിയുണ്ട്. ബദൽ പാതയായി പറയുന്ന റോഡ് ഗതാഗതത്തിന് സജ്ജമാകണമെങ്കിൽ കോടിക്കണക്കിന് രൂപയുടെ മരങ്ങൾ വെട്ടിമാറ്റേണ്ടി വരും. ഇത് വനത്തിനും വന്യജിവികൾക്കും വൻ ഭീഷണിയാകും. മൃഗങ്ങളുടെ സഞ്ചാരപഥത്തിനും തടസം നേരിടും.
വയനാട്ടിലെയും കർണാടകയിലെയും അതിർത്തിപ് രദേശങ്ങളിലുള്ള ആയിരക്കണക്കിന് ആളുകളാണ് ഇരു സംസ്ഥാനങ്ങളിലെയും കാർഷികമേഖലയിൽ കൃഷി ചെയ്തു ഉപജീവനം കഴിക്കുന്നത്. കാർഷികമേഖലയിലും തൊഴിൽ മേഖലയിലും നേരിടേണ്ടി വരുന്ന പ്രതിസന്ധികളും ചർച്ചയിൽ ഉന്നയിക്കും.

ഇന്ന് നടക്കുന്ന ചർച്ചയിൽ ഈ വിഷയങ്ങൾ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ബോധിപ്പിച്ച് സംസ്ഥാന സർക്കാർ സുപ്രീംകോടതിക്ക് നൽകുന്ന സത്യവാങ്ങ് മൂലത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആക്ഷൻ കമ്മറ്റി പ്രധാനമായും ഉന്നയിക്കുക. ബത്തേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷക പാനലിന്റെ അഭിപ്രായംകൂടി കണക്കിലെടുത്താണ് മന്ത്രിതല ചർച്ചയിൽ ആക്ഷൻ കമ്മറ്റി ഉന്നയിക്കുന്നത്
പത്ത് വർഷം മുമ്പാണ് ചാമരാജ് ജില്ലാ കലക്ടർ ബന്ദിപ്പൂർ കടുവ സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 766-ലെ മഥൂർ മുതൽ കേരള അതിർത്തിവരെയുള്ള 18 കിലോമീറ്റർ ദൂരത്തിൽ രാത്രി യാത്ര നിരോധിച്ചത്. രാത്രി 9 മുതൽ പുലർച്ചെ 6 മണിവരെയാണ് നിരോധനം. ഇതിനെതിരെ നിയമ പോരാട്ടങ്ങൽ നടക്കുന്നതിനിടെയാണ് റോഡ് പകൽ കൂടി അടച്ചുകൂടേയെന്നും,പകരം ബദൽപാതയായ കുട്ട ഗോണിക്കുപ്പ റോഡ് ഉപയോഗിക്കാനാവില്ലേ എന്നും സുപ്രീം കോടതി പരിസ്ഥിതി വകുപ്പിനോടും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനോടും ആരാഞ്ഞത്.