sajida-

കാസർകോട്: വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ യുവതി കൂടി അറസ്റ്റിലായതോടെ കാസർകോട്ടെ തട്ടിപ്പ് സംഘത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ചൗക്കിയിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന സാജിദയെയാണ് (29) കഴിഞ്ഞ ദിവസം വൈകിട്ട് കാസർകോട് എസ്.ഐ പി നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ അബുതാഹിറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനി മൂന്ന് പേരാണ് പിടിയിലാകാനുള്ളത്.

സാജിദയെ ഉപയോഗിച്ച് സംഘം കാസർകോട്ടേയും പരിസരങ്ങളിലെയും നിരവധപേരെ കെണിയിൽ വീഴ്ത്തിയതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. യുവതിയുടെ ഫോണിൽ നിന്ന് വരുന്ന മിസ്ഡ് കോളാണ് തട്ടിപ്പിന്റെ തുടക്കം. ഈ നമ്പറിൽ തിരിച്ചു വിളിക്കുന്നവരെ യുവതി പ്രത്യേക സ്ഥലത്തേക്ക് ക്ഷണിക്കും. തുടർന്ന് മുൻകൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം ഇരകളെ യുവതിക്കൊപ്പം നിർത്തി ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് ഇത് കാണിച്ച് പണം തട്ടിയെടുക്കുകയും ചെയ്യും. സാജിദയുടെ മിസ്ഡ് കോൾ കണ്ട് തിരിച്ചു വിളിച്ച വ്യാപാരിയും തട്ടിപ്പിൽ കുടുങ്ങുകയായിരുന്നു.

ആദ്യം 48,000 രൂപയാണ് സംഘം വ്യാപാരിയിൽ നിന്ന് തട്ടിയെടുത്തത്. പിന്നീട് കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് വ്യാപാരി പൊലീസിൽ പരാതി നൽകിയത്. സാജിദയെ കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നേരത്തെ പിടിയിലായ വിദ്യാ നഗർ മന്നിപ്പാടിയിലെ അബു താഹിറും റിമാൻഡിലാണ്.