കൽപറ്റ: ഏകവിളത്തോട്ടങ്ങളാക്കിയ കാട് സ്വാഭാവിക വനമാക്കുന്നതു സംബന്ധിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിന് രൂപീകരിച്ച കമ്മിറ്റിക്കു അനുവദിച്ച സമയപരിധി സർക്കാർ ഡിസംബർ 15 വരെ നീട്ടി.
സംസ്ഥാനത്തിന് തടി ഇറക്കുമതിയിലുടെ ഉണ്ടാകുന്ന ചെലവ്, മുറിച്ചുവിൽക്കാൻ കഴിയാത്ത വിധത്തിൽ വന്യജീവി സങ്കേതങ്ങളിലും മറ്റുമുള്ള തേക്ക് പ്ലാന്റേഷനുകളുടെ വിസ്തീർണം, പ്ലാൻേഷനുകൾ സ്വാഭാവിക വനമാക്കിയാലുണ്ടാകുന്ന ഗുണം എന്നിവ പഠിച്ച് റിപ്പോർട്ട് ചെയ്യുന്നതിനാണ് വിദഗ്ധരും ഉദ്യോഗസ്ഥരും അടങ്ങുന്ന കമ്മിറ്റി കഴിഞ്ഞ മെയിൽ രൂപീകരിച്ചത്.
വയനാട്, പറമ്പിക്കുളം, അഗസ്ത്യവനം, പെരിയാർ, തട്ടേക്കാട്, ആനമുടി, പാമ്പാടുംചോല എന്നിവിടങ്ങളിൽ സമിതി പഠനം നടത്തി. പ്രതികൂല സാഹചര്യങ്ങൾ മൂലം മറ്റിടങ്ങളിൽ പഠനം നടത്താനായില്ല. ഈ സാഹചര്യത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അഭ്യർഥിച്ചതനുസരിച്ചാണ് റിപ്പോർട്ട് സമർപ്പണത്തിന് കാലാവധി ദീർഘിപ്പിച്ചത്.
സാമ്പത്തിക താത്പര്യം മുൻനിർത്തി വനത്തിൽ നട്ടുവളർത്തിയ തേക്ക്, യൂക്കാലിപ്റ്റസ്, കാറ്റാടി എന്നിവ മുറിച്ചുമാറ്റി സ്വാഭാവിക വനവത്കരണം നടത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വൻതോതിൽ ജലം ഊറ്റുന്ന ഇത്തരം വൃക്ഷങ്ങൾ വനത്തിൽ നട്ടുപരിപാലിക്കുന്നതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. വരൾച്ചയുടെ രൂക്ഷതയും മനുഷ്യമൃഗ സംഘർഷവും വർധിച്ചതിനു പ്രധാന കാരണം വനത്തിലെ ഏകവിളത്തോട്ടങ്ങളാണെന്നു പരിസ്ഥിതി സംഘടനകളും ചൂണ്ടിക്കാട്ടുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് സർക്കാർ സമിതിക്കു രൂപം നൽകിയത്.
വയനാട് ജില്ലയിൽ സൗത്ത് വയനാട്, നോർത്ത് വയനാട്, വൈൽഡ് ലൈഫ് വനം ഡിവിഷനുകളിലായി 200 ചതുരശ്ര കിലോമീറ്ററോളം തേക്ക്, യൂക്കാലിപ്റ്റസ്, കാറ്റാടി തോട്ടങ്ങളുണ്ട്. 344.4 ചതുരശ്ര കിലോമീറ്റർ വരുന്ന വന്യജീവി സങ്കേതത്തിൽ മാത്രം 101.48 ചതുരശ്ര കിലോമീറ്റർ ഏകവിളത്തോട്ടങ്ങളാണ്.
തേക്ക് ഏകവിളയായി കൃഷിചെയ്യുന്ന പ്രദേശത്ത് മറ്റിനം മരങ്ങളും അടിക്കാടും വളരില്ല. തേക്കുകൾ വനത്തിലെ അരുവികൾ വറ്റുന്നതിനും ഭൂഗർഭ ജലനിരപ്പ് താഴുന്നതിനും ഇടയാക്കുന്നതായി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. വനത്തിലെ ഏകവിളത്തോട്ടങ്ങളോടു ചേർന്നുള്ള കൃഷിയിടങ്ങളിലാണ് വന്യജീവി ശല്യം ഏറ്റവും രൂക്ഷം.
ബ്രിട്ടീഷ് സർക്കാരാണ് കേരളത്തിൽ ചെറിയ തോതിലുള്ള തേക്കുതോട്ടങ്ങൾ ആരംഭിച്ചത്. കപ്പൽ, റെയിൽവേ ആവശ്യങ്ങൾക്ക് വേണ്ടത്ര തേക്കു വനത്തിൽനിന്നു ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്. പിന്നീട് ജനകീയ സർക്കാരുകൾ ആയിരക്കണക്കിന് ഏക്കർ സ്വാഭാവികവനം തേക്ക്, യൂക്കാലിപ്റ്റസ് തോട്ടങ്ങളാക്കി. ഇപ്പോൾ ഏകദേശം അര ലക്ഷം ഏക്കർ തേക്കുതോട്ടമാണ് കേരളത്തിലാകെ. ഇതിൽ 30,000 ഏക്കറും വയനാട്ടിലാണ്. ജില്ലയിലെ വനവിസ്തൃതിയുടെ മൂന്നിലൊന്നാളം വരുമിത്. ഇതിന്റെ സമൂഹിക പ്രത്യാഘാതവും സാമ്പത്തിക നഷ്ടവും കണക്കാക്കാൻ കഴിയാത്തത്ര ഭീമമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ.ബാദുഷ പറഞ്ഞു.