കുറ്റ്യാടി: സമസ്ത മേഖലകളിലും മുന്നേറിയതിന്റെ ഉദാഹരമാണ് കേരളമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു . ലൈഫ്, ആർദ്രം, സമ്പൂർണ്ണ വിദ്യാഭ്യാസ യജ്ഞം, ആർദ്രം, ഹരിത കേരള മിഷൻ എന്നിവയിലൂടെ പ്രതിസന്ധികളെ മറികടന്ന് ലോകത്തിന് തന്നെ മാതൃകയായി വികസന മുന്നേറ്റം കൈവരിച്ചു. ശാസ്ത്ര സാങ്കേതിക വിദ്യയിൽ മുന്നേറ്റം സൃഷ്ടിക്കുന്ന കാലഘട്ടത്തിൽ പരിഷ്കൃത സമൂഹത്തിൽ മാലിന്യ രഹിതമായ നാടിനെ സ്വഷ്ടിക്കുക എന്നതായിരിക്കണം സമൂഹത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെറ്റീരിയൽ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെൻറർ മരുതോങ്കര പഞ്ചായത്തിലെ കാത്തിരക്കണ്ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി .ജില്ലാ പഞ്ചായത്തും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും മരുതോങ്കര പഞ്ചായത്തും 6700100 രൂപ ചെലവിലാണ് മെറ്റീരിയൽ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ ആരംഭിച്ചത്.
കുന്നുമ്മൽ ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിൽ നിന്നുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ നിർമ്മാണം ജനപിന്തുണയോടെയാണ് പൂർത്തീകരിച്ചത്. അജൈവ മാലിന്യങ്ങൾ പഞ്ചായത്തുകളിൽ നിന്ന് ശേഖരിക്കാൻ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിൽ ഹരിത കർമ്മ സേനകൾ സജീവമായി പ്രവർത്തിച്ചു വരികയാണ്.ഇത്തരത്തിൽ ശേഖരിച്ച മാലിന്യങ്ങൾ സൂക്ഷിക്കാനുള്ള എം സി എഫ് കേന്ദ്രവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.എം ആർ എഫ് കേന്ദ്രത്തിന്റെ പ്രവർത്തനമാരംഭിക്കുന്നതോടെ മാലിന്യ രഹിത ബ്ലോക്ക് പഞ്ചായത്തായി കുന്നുമ്മൽ മാറും.
ബ്ലോക്ക് പ്രസിഡന്റ് കെ സജിത്ത് അദ്ധ്യക്ഷനായി. പ്ലാസ്റ്റിക് മാലിന്യ മുക്ത ബ്ലോക്ക് പഞ്ചായത്ത് പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ എം സതി, അന്നമ്മ ജോർജ്ജ്, കെ ടി രാജൻ, ഏ കെ നാരായണി,പി ജി ജോർജ്ജ്, സി പി ബാബുരാജ്, കുന്നുമ്മൽ കണാരൻ, സി കെ വിജയി, കെ എം പ്രിയ, ടി രജിലേഷ്, പത്മിനി സുഗുണൻ, ടി പി കുമാരൻ, പ്രകാശ്, ടി പി ശ്രീശങ്കർ, കെ ടി പ്രജുകുമാർ എന്നിവർ സംസാരിച്ചു.