a
മനുഷ്യാവകാശ പ്രവർത്തകർ കുറ്റ്യാടിയിൽ നടത്തിയ ദീപശിഖ പ്രയാണം

കുറ്റ്യാടി: മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ചു കൊണ്ട് ദീപശിഖാ റാലിയും പൊതുയോഗവും നടത്തി.മൊയ്തു കണ്ണങ്കോടൻ, ടി. മമ്മൂട്ടി മാസ്റ്റർ,പി.അബ്ദുൾ മജീദ്, മോഹൻദാസ് കായക്കൊടി, റസൽ പൊയിലങ്കി, ബാലൻ തളിയിൽ, ജമാൽ കുറ്റ്യാടി, പി.ഷഫീക്ക്, നാസർ താനാരി എന്നിവർ നേതൃത്വം നൽകി.

ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾ ലംഘിക്കുന്നതിനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ നീക്കങ്ങളെ എന്തു വില കൊടുത്തും ചെറുത്തു തോൽപിക്കുമെന്ന് പ്രകടനത്തിനു ശേഷം ചേർന്ന യോഗത്തിൽ പ്രതിജ്ഞ ചെയ്തു. പൗരത്വ ബില്ല് പാസാക്കുക വഴി ഇന്ത്യൻ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ് ബി ജെ പി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. വർഗീയ ധ്രുവീകരണം നടത്തി മതേതരത്വത്തിന്റെയും സാമൂഹ്യനീതിയുടെയും അവസരസമത്വത്തിന്റെയും ആശയങ്ങളെ സർക്കാർ കുഴിച്ചുമൂടുകയാണെന്നും പ്രസംഗകർ അഭിപ്രായപ്പെട്ടു.

നഗരമധ്യത്തിൽ സ്ഥാപിച്ച സ്തൂപത്തിൽ വനിതാ പ്രതിനിധികളായ ജീവൻസ് പ്രകാശ്, അനിത കറ്റോടി എന്നിവർ ഭരണഘടന പ്രതീകാത്മകമായി സ്ഥാപിച്ചു.

പൊതുയോഗം മനുഷ്യാവകാശ പ്രവർത്തകൻ ടി നാരായണൻ വട്ടോളി ഉദ്ഘാടനം ചെയ്തു.

സി.കെ.കരുണാകരൻ അധ്യക്ഷത വഹിച്ചു.ഖാലിദ് മൂസ നദ്‌ വി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പി.സി.സുനിൽ പ്രസംഗിച്ചു.