101.87 ഹെക്ടർ ഭൂമി കണ്ടെത്തി
അർഹരായവരെ ജനകീയ സമിതി തെരഞ്ഞെടുക്കും
ഡിസംബർ 28 വരെ അപേക്ഷിക്കാം

കൽപ്പറ്റ: ജില്ലയിലെ ഭൂരഹിതരായ രണ്ടായിരത്തോളം ആദിവാസികൾ കൂടി ഭുവുടമകളാവും. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഭൂമി വിതരണത്തിനുള്ള നടപടികൾ തുടങ്ങി.

101.87 ഹെക്ടർ ഭൂമിയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇവർക്കായി വിതരണം ചെയ്യുക. പട്ടികവർഗ്ഗ, സർവ്വെ, റവന്യൂ, വനം വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിൽ ആദിവാസികൾക്കായി കണ്ടെത്തിയ ഭൂമി വാസയോഗ്യവും കൃഷിയോഗ്യവുമാണെന്ന് വിലയിരുത്തിയിരുന്നു. ഇതോടൊപ്പം ലാന്റ് ബാങ്ക് പദ്ധതി പ്രകാരവും ഭൂമി ലഭ്യമാക്കുന്നതിനുളള നടപടികളും വനാവകാശ നിയമപ്രകാരം 600 പേർക്ക് ഭൂമി അനുവദിക്കുന്നതിനുളള നടപടികളും പുരോഗമിക്കുകയാണ്.

ജില്ലയിലാകെ 3215 ൽ അധികം ഭൂരഹിതരുണ്ടെന്നാണ് പ്രാഥമിക കണക്ക്. 4463 പേർക്ക് വനാവകാശ നിയമപ്രകാരം ഇതുവരെ ഭൂമി നൽകിയിട്ടുണ്ട്.

മഴക്കാലത്ത് വെളളം കയറുന്ന കോളനികളിൽപ്പെട്ട 171 ആദിവാസി കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിനായി പകരം ഭൂമി ലഭ്യമാക്കിയിട്ടുണ്ട്. 20.53 ഏക്കർ ഭൂമിയാണ് ഇതിനായി മാത്രം കണ്ടെത്തിയത്. പട്ടികവർഗ്ഗ വകുപ്പിന്റെ നേതൃത്വത്തിൽ ഇവിടെ വീട് നിർമ്മാണം തുടങ്ങി. 6 ലക്ഷം രൂപ ചെലവിലാണ് വീടുകൾ ഉയരുന്നത്.

ഭൂരഹിത പട്ടികവർഗ്ഗക്കാരായ ഗുണഭോക്താക്കളെ കണ്ടെത്തുന്ന നടപടികൾ ആദിവാസി പുനരധിവാസ ജില്ലാ മിഷൻ മുഖേന തുടങ്ങിയിട്ടുണ്ട്. ജില്ലയിൽ സ്ഥിരതാമസക്കാരും ഭൂരഹിതരും നാമമാത്ര ഭൂമിയുള്ളതുമായ പട്ടിക വർഗ്ഗക്കാരെയാണ് പരിഗണിക്കുക. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുളള അപേക്ഷ ഫോറങ്ങൾ ട്രൈബൽ എക്സ്റ്റഷൻ ഓഫീസുകളിലൂടെയാണ് വിതരണം ചെയ്യുന്നത്. ഡിസംബർ 28 വരെ അപേക്ഷ സ്വീകരിക്കും.

(ചിത്രം)
ആദിവാസി വിഭാഗക്കാർക്കായി പട്ടിക വർഗ്ഗ വകുപ്പിന്റെ നേതൃത്വത്തിൽ ബത്തേരി താലൂക്കിൽ നിർമ്മിക്കുന്ന വീട്.