കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ സേനയെന്ന നിലയിൽ വിപുലമായ റെസ്‌ക്യൂ മിഷന് രൂപം നൽകും. ആദ്യഘട്ടത്തിൽ 1750 പേരടങ്ങുന്ന സേനയായി ജില്ലയാകെ പ്രവർത്തനം വിപുലീകരിക്കാനാണ് തീരുമാനമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ഗ്രാമപഞ്ചായത്തിലും സേവനസന്നദ്ധതയും കാര്യശേഷിയുമുള്ള 25 പേരെയാണ് റെസ്‌ക്യൂ മിഷനിലേക്ക് തിരഞ്ഞെടുക്കുക. സേനയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്ക് ഓരോ ബ്ലോക്ക് പഞ്ചായത്തുകളിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം നൽകും. പകച്ചുനിൽക്കാകെ ഏത് ദുരന്തമുഖത്തും രക്ഷാപ്രവർത്തനം നടത്തുകയാണ് സേനയുടെ ലക്ഷ്യം.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, വാഹനാപകടം തുടങ്ങി ഏതു സാഹചര്യത്തിലും മിഷന്റെ സഹായം ലഭ്യമാകും. അടിയന്തരഘട്ടങ്ങളിൽ മനുഷ്യജീവൻ രക്ഷിക്കാൻ പറ്റാവുന്ന വിവിധ ഉപകരണങ്ങൾ കൈവശമുള്ളവരുടെ (ജെ സി ബി, ട്രീ കട്ടർ, കയർ, മഴു, ജനറേറ്റർ, ഏണി) മേൽവിലാസവും ഫോൺ നമ്പറും രേഖപ്പെടുത്തുന്ന ഡയറക്ടറി തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇത്തരം ഉപകരണങ്ങൾ കൈവശമുള്ളവരുടെ യോഗങ്ങൾ പഞ്ചായത്ത് തലത്തിൽ വിളിച്ചു ചേർത്ത് സേവനങ്ങൾക്ക് അവരുടെ പങ്കാളിത്തം കൂടി ഉറപ്പു വരുത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്ഥിരംസമിതി അംഗങ്ങളായ മുക്കം മുഹമ്മദ്, പി.കെ.സജിത, സെക്രട്ടറി വി.ബാബു തുടങ്ങിയവർ സംബന്ധിച്ചു.