രാമനാട്ടുകര: രാമനാട്ടുകര അങ്ങാടിയിൽ ഓട്ടോ പാർക്കിംഗ് സംബന്ധിച്ച് ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ യൂണിയനുകളുമായും ,വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുമായും ട്രാഫിക് പൊലീസ് ചർച്ച നടത്തി. സിറ്റി ട്രാഫിക് സൗത്ത് അസിസ്റ്റൻറ് കമ്മീഷണർ പി.ബിനുരാജ് രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റിൽ ഇന്നലെ വൈകീട്ടാണ് കൂടിക്കാഴ്ച നടത്തിയത്. ഇരു വിഭാഗത്തേയും വെവ്വേറെ വിളിച്ചാണ് ചർച്ച നടത്തിയത്. രാമനാട്ടുകര അങ്ങാടിയിൽ രൂക്ഷമായ ഗതാഗത തടസ്സത്തിന് പരിഹാരമായി പൊലീസ് നടപ്പാക്കുന്ന നടപടികളുടെ ഭാഗമായാണ് ചർച്ച നടന്നത്. രാമനാട്ടുകര അങ്ങാടിയിൽ നാലുകൂടിയ ജംഗ്‌ഷൻ മുതൽ പാരഡൈസ് ഹോട്ടൽ വരെ ഇപ്പോൾ ഓട്ടോ നിരനിരയായാണ് പാർക്ക് ചെയ്യുന്നത്. ഇതുമൂലം ഇവിടങ്ങളിലെ കടകളിലേക്ക് വരുന്നവർക്കും കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇരു വിഭാഗത്തിനേയും വിളിച്ച് ചർച്ച നടത്തിയത്. 12 ഓട്ടോകൾ മാത്രം അങ്ങാടിയിൽ ഒരു സമയം പാർക്കിങ്ങ് ചെയ്യുകയും പിന്നീട് വരുന്നവ ദേശീയ പാത യൂണിവേഴ്‌സിറ്റി റോഡരുകിൽ നേരത്തെ പാർക്ക് ചെയ്ത സ്ഥലത്ത് സൗകര്യം ഏർപ്പെടുത്തി പാർക്കിങ്ങ് അനുവദിക്കാൻ നഗരസഭാ ചെയർമാനുമായി ചർച്ച നടത്തി തീരുമാനം എടുക്കാം എന്നും പൊലീസ് നിർദ്ദേശം വെയ്ക്കുകയും ചെയ്തു. അങ്ങാടിയിൽ പാർക്ക് ചെയ്യുന്ന ഓട്ടോകൾക്കിടയിൽ കൂടി ആളുകൾക്ക് കടകളിലേക്ക് കയറുവാൻ റോഡിൽ വര വരച്ച് വഴി തിരിക്കുമെന്നും പൊലീസ് അറിയിച്ചു . രാമനാട്ടുകര പൊലീസ് എയ്ഡ് ​പോസ്റ്റ് എസ്.ഐ സി.കെ അരവിന്ദൻ,ഓട്ടോ യൂണിയൻ നേതാക്കളായ അനൂപ്.പ്രസന്നൻ,റഷീദ്,അഫ്സൽ,ബഷീർ,​ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ അലി.പി.ബാവ,പി.അജ്മൽ,പി.സി.നളിനാക്ഷൻ എന്നിവർ പങ്കെടുത്തു.