മാനന്തവാടി: സമ്പൂർണ മുഖ വൈകല്യരഹിത ജില്ലയായി വയനാടിനെ മാറ്റാനുള്ള യജ്ഞത്തിന് 15 ന് തുടക്കമാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സെന്റ് ജോൺസ് ആംബുലൻസ് ഇന്ത്യ, പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ്, വേവ്സ് ഇന്ത്യ, ജ്യോതിർഗമയ എന്നിവ ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. 'പുഞ്ചിരി' എന്ന് നാമകരണം ചെയ്തിട്ടുള്ള പദ്ധതിയുടെ ഉദ്ഘാടനം 15 ന് മാനന്തവാടി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ ഒ.ആർ. കേളു എംഎൽഎ നിർവഹിക്കും. മാനന്തവാടി നഗരസഭാ അദ്ധ്യക്ഷൻ വി.ആർ. പ്രവീജ് മുഖ്യ പ്രഭാഷണം നടത്തും. പദ്ധതിയിലെ ആദ്യ സൗജന്യ മുച്ചിറി മുഖവൈകല്യ നിവാരണ ക്യാമ്പ് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ മാനേജർ ഡോ. ബി. അഭിലാഷ് ഉദ്ഘാടനം ചെയ്യും. പാലിയേറ്റീവ് ജില്ലാ കോ–ഓർഡേേിനഷൻ കമ്മിറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് എന്നിവയുടെ
സഹകരണത്തോടെ ജനുവരി 26ന് പനമരം വ്യാപാര ഭവൻ, ഫെബ്രുവരി 23ന് കൽപറ്റ ആലക്കൽ റസിഡൻസി, മാർച്ച് 22 സുൽത്താൻ ബത്തേരി സ്മിയാസ് കോളജ്, ഏപ്രിൽ
26ന് കാവുമന്ദം തരിയോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിൽ സൗജന്യ മുച്ചിറി മുഖവൈകല്യ നിവാരണ ക്യാമ്പുകൾ നടക്കും.

തലയോട്ടിയിലെ മുഴ, പതിഞ്ഞതും ചെരിഞ്ഞതുമായ മൂക്ക്, മുച്ചിറി, മുറി മൂക്ക്, ചെരിഞ്ഞ താടി, പുറത്തേക്ക് തള്ളിയ മോണ, ചെറിയ കീഴ്ത്താടി, നീണ്ട താടിയെല്ല്, കൺപോളകളുടെ വൈകല്യങ്ങൾ, തടിച്ച ചുണ്ടുകൾ, അണ്ണാക്കിലെ ദ്വാരം, അപകടത്തിൽ സംഭവിച്ച ന്യൂനതകൾ തുടങ്ങി എല്ലാ
വൈകല്യങ്ങൾക്കും പരിശോധനയും വിദഗ്ധ ചികിത്സയും ശസ്ത്രക്രിയ ആവശ്യമായിവരുന്നവർക്ക് പൂർണമായും യാത്ര ചെലവ്, മരുന്ന് എന്നിവയുൾപ്പടെ സൗജന്യമായി മംഗലാപുരം ഹെഗ്‌ഡെ ഇസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചെയ്ത് കൊടുക്കുമെന്ന് സെന്റ് ജോൺസ് ആംബുലൻസ് ഇന്ത്യ ചെയർമാൻ ജസ്റ്റിൻ ചെഞ്ചട്ടയിൽ, വേവ്സ് ഇന്ത്യ ചെയർമാൻ കെ.എം. ഷിനോജ്, ബെസി പാറയ്ക്കൽ, ജെറീഷ് പാണ്ടിക്കടവ്, കെ. അനിൽകുമാർ, അമൽ കുര്യൻ, ഷിജൊ സണ്ണി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിശദ വിവരങ്ങൾക്ക് ഫോൺ: 9495773789, 9645369882, 9645370 145, 9447933287.