മുസ്ലിം യൂത്ത് ലീഗ് പങ്കെടുത്തില്ല

മുക്കം : നഗരസഭയുടെ പ്രവർത്തനത്തിൽ കെടുകാര്യസ്ഥത ആരോപിച്ച് യു ഡി എഫ് മുക്കം നഗരസഭകമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. തെരുവുവിളക്കുകൾ പ്രകാശിക്കാതായിട്ട് രണ്ടു വർഷമായിട്ടും പരിഹാരമുണ്ടാവാത്തത്, ജനങ്ങളിൽ നികുതിഭാരം അടിച്ചേല്പിച്ചിട്ടും വികസന പ്രവർത്തനം നടത്താൻ കഴിയാത്തത്, അന്യാധീനപ്പെട്ട പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്താൻ പോലും കഴിയാത്തത്, മസ്റ്ററിങ്ങിന്റെ പേരിൽ പെൻഷൻകാരെ ബുദ്ധിമുട്ടിക്കുന്നത്, നഗരസഭയുടെ കീഴിലുള്ള മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ രോഗികൾക്ക് പീഡനം നേരിടേണ്ടി വരുന്നത്, പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാത്തത് തുടങ്ങിയവയാണ് ധർണ്ണയ്ക്ക് ആധാരമായി യു ഡി എഫ് ആരോപിക്കുന്ന കെടുകാര്യസ്ഥത. ജില്ലപഞ്ചായത്ത് അംഗം സി.കെ കാസിം ധർണ്ണ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് മുനിസിപ്പൽ കമ്മറ്റി ചെയർമാൻ ടി.ടി സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. എം ടി അഷ്റഫ്, എ.എം അഹമ്മദ് കുട്ടി ഹാജി, കെ.ടി മൻസൂർ, ദാവൂദ് മുത്താലം, വേണു കല്ലുരുട്ടി, പി.കെ മുഹമ്മദ്, ഗഫൂർ കല്ലുരുട്ടി, സജീഷ് മുത്തേരി, ഹമീദ് അമ്പലപ്പറ്റ, ഇ പി അരവിന്ദൻ, ഗിരിജ, ബുഷ്റ,സീനത്ത് ,എൻ.കെ അബു ഹാജി, അബു മുണ്ടുപാറ, പ്രഭാകരൻ മുക്കം എന്നിവർ സംസാരിച്ചു.

മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ ധർണയിൽ പങ്കെടുത്തില്ല. രാഹുൽ ഗാന്ധി എം പി മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കെട്ടിട നിർമ്മാണത്തിന് അനുവദിച്ച 40 ലക്ഷം രൂപ വകമാറ്റി ചെലവഴിക്കാൻ ശ്രമിച്ചപ്പൊൾ യൂത്ത് ലീഗ് പ്രതിഷേധം പ്രകടിപ്പിച്ച് നടത്തിയ മാർച്ചിനെ യുഡിഎഫിൽ മുൻ കൈ നേടാനുള്ള ശ്രമമെന്ന് ആക്ഷേപിച്ച് യുഡിഎഫ് കൺവീനർ ടി ടി സുലൈമാൻ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് പങ്കെടുക്കാതിരുന്നത്. പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സുലൈമാൻ നൽകിയ കത്ത് ധർണയിൽ ആളെ കൂട്ടാനുള്ള തന്ത്രം മാത്രമാണെന്ന് യൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞു.