camera-

കാസർകോട് : കാസർകോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ ഭക്ഷണ ശാലയിലെ ശുചിമുറിയിൽ ക്യാമറ ഓൺചെയ്ത് ഒളിപ്പിച്ചുവച്ച നിലയിൽ മൊബൈൽഫോൺ കണ്ടെത്തി. മൊബൈലിന്റെ ഉടമസ്ഥനാണെന്നു സംശയിക്കുന്ന സമീപത്തെ പഴക്കട ഉടമയുടെ മകനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് യുവാവിനെ ചോദ്യം ചെയ്ത് മൊഴിയെടുത്തു. യുവാവിന്റെ ഫോൺ പരിശോധിച്ച പൊലീസിന് അതിൽ നിന്ന് ലഭിച്ചത് നിരവധി സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളായിരുന്നുവെന്ന് പറയുന്നു.

ബുധനാഴ്ച ഉച്ചയോടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബമാണ് ശുചിമുറിയിൽ ഒളികാമറ വച്ചിട്ടുള്ളതായി കണ്ടെത്തിയത്. തുടർന്ന് ഹോട്ടൽ അധികൃതരെ ഏല്പിക്കുകയായിരുന്നു. കുടുംബാംഗങ്ങളും ഹോട്ടൽ മാനേജരും ഇതേ കുറിച്ച് സംസാരിക്കുന്നതിനിടയിൽ അവിടെയെത്തിയ യുവാവ് തന്റെ ഫോണും വാഹനത്തിന്റെ താക്കോലും മറന്നുവച്ചതാണെന്നു പറഞ്ഞ് ഫോൺ കൈക്കലാക്കി സ്ഥലം വിടാൻ ശ്രമിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.