കോഴിക്കോട്: കലാ ആസ്വാദകർക്ക് വേറിട്ട അനുഭവം പകർന്ന് 'ഒന്നിനൊന്ന് 'പ്ര‌ദർശനം. ചിത്രകാരൻ ഫ്രാന്‍സിസ് കോടങ്കണ്ടത്തിന്റെയും ഫോട്ടോഗ്രാഫർ നന്ദന്‍ മൂടാടിയുടെയും സൃഷ്ടികൾ ഒരേ കാൻവാസിൽ ചേർന്നു നിൽക്കുമ്പോൾ രചനയുടെ പുത്തൻതലം ഉയർന്നുവരികയാണ്.

ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച പ്രദർശനത്തിൽ 15 സൃഷ്ടികളാണുള്ളത്. പ്രകൃതിയും മനുഷ്യനും ജീവിതസാഹചര്യങ്ങളുമെല്ലാം അവയില്‍ നിറയുകയാണ്. ഫോട്ടോയും ചിത്രവും ഒന്നുചേരുന്നത് കാണുന്നവരിൽ കൗതുകം സൃഷ്ടിക്കുന്നതോടൊപ്പം തന്നെ സംശയവും ജനിപ്പിക്കും. ഒരു ചിത്രത്തിൻെറ പൂരകമാണ് തൊട്ടടുത്ത ചിത്രമെന്ന വിശദീകരണമാണ് .

ഇവരുടേത്.

നന്ദന്‍ മൂടാടി ഫിലിം കാമറകള്‍ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍. ആക്രിലിക്, പെര്‍മനന്റ് മാര്‍ക്കർ മാദ്ധ്യമങ്ങളിലുള്ളതാണ് ചിത്രങ്ങൾ.

കസ്റ്റംസ് ഇന്റലിജന്‍സ് അസി. കമ്മിഷണറായ ഫ്രാന്‍സിസ് ജോലി കഴിഞ്ഞുള്ള സമയത്തിൽ നല്ലൊരു പങ്കും ചിത്രരചനയ്ക്കായി മാറ്റിവെക്കുകയാണ്. ചാലക്കുടിയിലെ ഫോട്ടോഗ്രാഫി മ്യൂസിയത്തിലെ പ്രദര്‍ശനത്തിനു ശേഷം രണ്ടാമത്തേതാണ് ഇവിടത്തെ 'ഒന്നിനൊന്ന് '.

വിഖ്യാത ചിത്രകാരൻ കെ.കെ.മാരാര്‍ ഉദ്ഘാടനം നിർവഹിച്ച പ്രദര്‍ശനം 15 വരെയുണ്ടാവും.