കൽപ്പറ്റ: കിൻഫ്ര വ്യവസായ പാർക്കിൽ ബുധനാഴ്ച്ച രാത്രിയുണ്ടായ അഗ്നിബാധയിൽ 'എർഗോ ഫോം' യൂണിറ്റ് പൂർണമായി കത്തിനശിച്ചു. 10 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമകൾ പറഞ്ഞു. കോഴിക്കോട് സ്വദേശികളായ പി വി ഇമ്പിച്ചാമു, അഹമ്മദ് നിസാർ എന്നിവരാണ് ഉടമകൾ. വിവിധ കമ്പനികളുടെ കിടക്കകൾ, സോഫകൾ, കസേരകൾ, മറ്റുഫർണിച്ചറുകൾ എന്നിവക്കെല്ലാംവേണ്ട ഫോമുകളാണ്(സ്‌പോഞ്ച്) ഇവിടെ ഉൽപ്പാദിപ്പിച്ചിരുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിരുന്നു.

രാത്രി 8.30ഓടെയുണ്ടായ അഗ്നിബാധ 12.30ഓടെയാണ് നിയന്ത്രണവിധേയമായത്. അഗ്നിശമന സേനയുടെ 13 യൂണിറ്റുകൾ നാല് മണിക്കൂറെടുത്താണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് കരുതുന്നത്.
സ്‌റ്റോറിനോട് ചേർന്നാണ് തൊഴിലാളികൾ തീ കണ്ടത്. മിനുട്ടുകൾക്കകം ഫാക്ടറി പൂർണമായും അഗ്നിവിഴുങ്ങി. ഫാക്ടറിയോട് ചേർന്ന് നിർത്തിയിട്ടിരുന്ന മൂന്ന് ലോറികളും കത്തി. ഒന്ന് പൂർണമായും നശിച്ചു. മറ്റ് രണ്ട് ലോറികൾക്കും തീപിടിച്ചു. ഇതിലൊന്നിൽ ലോഡ് കയറ്റി നിർത്തിയതായിരുന്നു. ലോഡുൾപ്പെടെ കത്തി. അഗ്നിശമന സേന വെള്ളം ചീറ്റി മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കി.
ലക്ഷങ്ങൾ വിലവരുന്ന മെഷീനുകൾ, 2.5 കോടിയോളംവരുന്ന ഉൽപ്പന്നങ്ങൾ, അസംസ്‌കൃത വസ്തുക്കൾ എന്നിവയെല്ലാം അഗ്നിക്കിരയായി. മേൽക്കൂരയുടെ ടീൻ ഷീറ്റുകൾവരെ ഉരുകി വീണു. കെട്ടിടവും നശിച്ചു.
കിൻഫ്രയിൽ 2014ൽ സ്ഥാപിച്ചതാണ് 'എർഗോ ഫോം' യൂണിറ്റ്. ഇതരസംസ്ഥാനങ്ങളിൽനിന്നുമാണ് അസംസ്‌കൃത വസ്തുക്കൾ കൊണ്ടുവന്നിരുന്നത്. ഉൽപ്പന്ന നിർമാണത്തിനുള്ള വിലപിടിപ്പുള്ള കെമിക്കലുകളടക്കം നശിച്ചു.
അഗ്നിശമന സേനയുടെ കൽപ്പറ്റ, ബത്തേരി, മാനന്തവാടി, മുക്കം, വെള്ളിമാടുകുന്ന് സ്‌റ്റേഷനുകളിൽനിന്നുള്ള യൂണിറ്റുകളാണ് തീ അണക്കാനെത്തിയത്. കോഴിക്കോട് റിജ്യണൽ ഫയർ ഓഫീസർ അബ്ദുൾ റഷീദ് സ്ഥലത്തെത്തി പരിശോധന നടത്തി. കൽപ്പറ്റ സ്‌റ്റേഷൻ ഓഫീസർ കെ എം ജോമി ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി.

40,000 ചതുരശ്ര അടി സ്ഥലത്ത് സൂക്ഷിച്ചിരുന്ന മുഴുവൻ സാധനങ്ങളും കത്തി നശിച്ചു. രാത്രി ആയതിനാലാണ് ആളപായം ഇല്ലാതെ രക്ഷപ്പെട്ടത്. തീ ആളി പടർന്നതിനാൽ തീ അണയ്ക്കുന്ന പ്രവർത്തി പ്രയാസകരമായിരുന്നു.