കൽപ്പറ്റ: ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ചുകൊണ്ടിരുന്ന വീട് പ്രളയത്തിൽ തകർന്ന സാഹചര്യത്തിൽ നിർദ്ധന കുടുംബത്തെ പുനരധിവസിപ്പിക്കാൻ ജില്ലാ കളക്ടർ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
കൽപ്പറ്റ തുർക്കി ബസാർ സ്വദേശി ഷേർളി ജോസിനെയും കുടുംബത്തെയും പുനരധിവസിപ്പിക്കണമെന്നാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദേശിച്ചത്.
പരാതിക്കാരി ഷേർളിയുടെ ഭർത്താവ് മൂകനും ബധിരനുമാണ്. രണ്ട് മക്കളുണ്ട്. ഷേർളി വാങ്ങിയ സ്ഥലത്താണ് നഗരസഭയുടെ പ്ലാൻ പ്രകാരം വീട് നിർമ്മിച്ചിരുന്നത്. 2018 ഓഗസ്റ്റ് 8 ന് ഉണ്ടായ പ്രളയത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഈ വീട് തകർന്നു. എന്നാൽ സർക്കാറിന്റെ അർഹതാ ലിസ്റ്റിൽ ഷേർളിയെ ഉൾപ്പെടുത്തിയില്ല.
കമ്മീഷൻ കൽപ്പറ്റ നഗരസഭാ സെക്രട്ടറിയിൽ നിന്ന് ഇതുസംബന്ധിച്ച് റിപ്പോർട്ട് വാങ്ങി. പരാതിക്കാരിക്ക് ആകെ നൽകാനുള്ള 4 ലക്ഷം രൂപയിൽ 1,55,000 രൂപ നൽകിയെന്നും എന്നാൽ വീടു നിർമ്മാണം പൂർത്തിയാക്കിയില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു. ചേനമല കോളനിയിലാണ് വീട് നിർമ്മിക്കുന്നത്. ഇവിടെ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. 40 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. നഗരസഭയിൽ നിന്ന് അനുവദിച്ച അഞ്ചു വീടുകളുടെ നിർമ്മാണം നിർത്തിവച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രദേശത്ത് വീട് നിർമ്മിക്കാൻ കഴിയുമോ എന്ന് അറിയുന്നതിന് മണ്ണ് സംരക്ഷണ വകുപ്പിന്റെ പരിശോധനാ റിപ്പോർട്ട് ആവശ്യമാണ്. ഇതിനു വേണ്ടി ജില്ലാ കളക്ടർക്ക് കത്ത് നൽകിയെങ്കിലും മറുപടി കിട്ടിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരിക്ക് നിലവിൽ താമസിക്കാൻ സ്ഥലമില്ലെന്നും നഷ്ടപരിഹാരം ലഭിക്കാനുള്ള അപേക്ഷ സർക്കാരിന്റെ മുന്നിലുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വിഷയത്തിൽ ജില്ലാകളക്ടർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.