മാനന്തവാടി​: ആയിരത്തിലധികം കച്ചവടക്കാരെയും നൂറുകണക്കിന് വീടുകളെയും ഒഴി​പ്പി​ച്ചും കൃഷിഭൂമികൾ നശിപ്പിച്ചും മരങ്ങൾ വെട്ടിമാറ്റിയും പ്രകൃതി സംതുലനത്തെ തകർത്തും നിർമ്മിക്കുന്ന മട്ടനൂർ-മാനന്തവാടി നാലുവരിപ്പാത ഉപേക്ഷിക്കണമെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഈ പാത വയനാടിന്റെ വികസനത്തിനല്ല, വിനാശത്തിനാണ് ഇടവരുത്തുക എന്നും പരിസ്ഥിതി പ്രത്യാഘാതപഠനവും സാമൂഹ്യപ്രത്യാഘാതപഠനവും വിശ്വസനീയമായ ഏജൻസിയെക്കൊണ്ട് നടത്തിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
വൻകുത്തകകൾക്കും രാഷ്ട്രീയ നേതാക്കൾക്കും മുതൽമുടക്കുള്ള കണ്ണൂർ സ്വകാര്യവിമാനത്താവളത്തെ വളർത്താൻ വയനാടിനെ നശി​പ്പി​ക്കരുത്. ഹൈദരാബാദ് -ബംഗളുരു നാലുവരിപ്പാത മൈസൂർ,ഗോണികുപ്പ, കുട്ട വഴി മാനന്തവാടിയുമായി ബന്ധിപ്പിച്ച് മട്ടന്നൂരിലേക്ക് ഇടനാഴി തുറക്കാനും മലബാറിലേക്കുള്ള ഏകറോഡായി മാറ്റാനുമാണ് ശ്റമം.

രാത്രിയാത്രാനിരോധനത്തി​നെതി​രെ സമരം ചെയ്തവർ നാഷണൽ ഹൈവേ 766 പൂർണ്ണമായും അടച്ചുപൂട്ടാൻ വിമാനത്താവളലോബി നടത്തുന്ന ശ്റമത്തെ മുഴുകിയതിനെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും സമി​തി​ ആരോപി​ച്ചു.
മാനന്തവാടി എരുമത്തെരുവിൽ നിന്ന് ബോയ്സ് ടൗൺ വരെയുള്ള പത്തര കിലോമീറ്റർ ദൂരത്തിൽ റോഡരികിൽ 1200 മരങ്ങൾ ഉണ്ട്. ഇതിലേറെയും നൂറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻമരങ്ങളാണ്. പതിനായിരത്തിലേറെ മരങ്ങൾ മുറിക്കേണ്ടിവരും.
പാത കടന്നുപോകുന്ന പാൽച്ചുരം അത്യന്തം ദുർബലമായതും ചെങ്കുത്തായതുമായ മലഞ്ചരിവുകളാണ്. രണ്ടു കിലോമീറ്ററിലധികം റിസർവ്വുവനവുമുണ്ട്. കഴിഞ്ഞ പ്രളയകാലങ്ങളിൽ മുപ്പതിലധികം ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. പേരിയ-കൊട്ടിയൂർ ആനത്താര മുറിച്ചാണ് റോഡ് കടന്നുപോകുന്നത്.
കണ്ണൂർ വിമാനത്താവളത്തിലേക്ക് എത്ര വയനാട്ടുകാർ പ്രതിദിനം സഞ്ചരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അന്താരാഷ്ട്ര നിലവാരത്തിൽ മാനന്തവാടി-മട്ടന്നൂർറോഡ് ബലപ്പെടുത്തുകയാണ്‌വേണ്ടത്.
സമിതി യോഗത്തിൽ എം.ഗംഗാധരൻ അദ്ധ്യക്ഷത വഹി​ച്ചു. തോമസ് അമ്പലവയൽ, തച്ചമ്പത്ത് രാമകൃഷ്ണൻ, എൻ.ബാദുഷ, ബാബു മൈലമ്പാടി, അജി കൊളോണിയ, പി.എം.സുരേഷ്, സണ്ണി മരക്കടവ്, സണ്ണി പടിഞ്ഞാറത്തറ, അബു പൂക്കോട്, എ.വി. മനോജ്, ശ്രീരാമൻ നൂൽപ്പുഴ, എന്നിവർ പ്രസംഗിച്ചു.