കൽപ്പറ്റ: വിദേശ മലയാളിയായ സുഹൃത്തിനെ വഞ്ചിച്ച്
റിസോർട്ട് പ്രോജക്ടിന്റെ പകുതിയിലേറെ തട്ടിയെടുത്ത കേസിൽ തട്ടിയെടുത്ത ഒരേക്കർ 6 സെന്റ് സ്ഥലവും അതിലെ നിർമ്മിതികളും, അധികമായി ഈടാക്കിയ 36,75,000 രൂപയും, കോടതിച്ചിലവും
യഥാർത്ഥ ഉടമയായ ഓസ്‌ട്രേലിയൻ പൗരത്വമുള്ള കൊയിലാണ്ടി കീഴരിയൂർ സ്വദേശിക്ക് തിരികെ നൽകാൻ സുൽത്താൻ ബത്തേരി സബ് കോടതി ഉത്തരവായി.

മുൻ പി ഡബ്ളിയു ഡി ഓവർസിയർ മഠത്തിൽ കുളങ്ങര രാജനെതിരെയാണ് വിധി. ഡോ:ഇയ്യാലോൽ
രാജന് സ്വത്തുക്കൾ തിരികെ നൽകാനാണ് ഉത്തരവ്.

വെള്ളമുണ്ട പന്ത്രണ്ടാം മൈലിൽ പാതിവഴിയിൽ നിർമ്മാണം മുടങ്ങിയ 2 ഏക്കർ 6 സെന്റ് സ്ഥലവും അതിലെ നിർമ്മിതികളും ഏറ്റെടുത്ത് റിസോർട്ട്തുടങ്ങാനായി രാജന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴി 1,96.15,200 രൂപ ഡോ: രാജൻ നൽകിയിരുന്നു. പത്തു ലക്ഷത്തോളം രൂപ വേറെയും നൽകി.
എന്നാൽ ഒരേക്കർ ആറ് സെന്റ് സ്ഥലവും അതിലുള്ള നിർമ്മിതികളും ചേർത്ത് രാജൻ സ്വന്തമായി ഒരു ഹോം സ്റ്റേ നടത്തുകയായിരുന്നു.
തർക്കത്തിൽ പെട്ട വസ്തുക്കൾ ഡോ. രാജന്റെ പേരിൽ തിരിച്ച് രജിസ്റ്റർ ചെയ്തു കൊടുക്കാമെന്ന് കരാർ ചെയ്തെങ്കിലും അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറുകയും നാടുവിടുകയും ചെയ്തു.
പിന്നീട് റിസോർട്ട് ഉടമയെ തട്ടിക്കൊണ്ടുപോയെന്നും
കൊന്നുകളഞ്ഞെന്നും മറ്റും വാർത്ത
പ്രചരിപ്പിച്ചു. ആക്ഷൻ കമ്മറ്റി രൂപീകരിച്ച് നിരവധി പൊതുയോഗങ്ങളും നടത്തി.

കുഞ്ഞാറ്റ രാജന്റെ തിരോധാനം വയനാട്ടിലും കോഴിക്കോട്ടും വൻ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു. ഒരു മാസത്തിനു ശേഷം കുഞ്ഞാറ്റ രാജനെ മദ്ധ്യപ്രദേശിൽ നിന്ന് മൊബൈൽ ടവർ ലൊക്കേഷൻഷൻ പിൻതുടർന്ന് പൊലീസ് പിടികൂടി നാട്ടിലെത്തിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഡോ.രാജൻ ബത്തേരി കോടതിയിൽ കേസ് നൽകിയത്.