കോഴിക്കോട്: സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വിവിധ സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിനായുള്ള പരിശോധനാക്യാമ്പുകള്‍ 17 മുതല്‍ 20 വരെ താലൂക്ക് കേന്ദ്രങ്ങളിൽ നടക്കും. മാസവരുമാനം 15,000 രൂപയില്‍ കുറവുള്ള 40 ശതമാനത്തിന് മുകളില്‍ ഭിന്നശേഷിയുള്ളവരെന്ന് മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയവര്‍ മാത്രമെ അപേക്ഷിക്കേണ്ടതുള്ളൂ. കഴിഞ്ഞ എട്ടു മാസത്തിനിടയില്‍ സര്‍ക്കാരില്‍ നിന്ന് സഹായഉപകരണങ്ങള്‍ ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല.
കൈ കൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന മുച്ചക്ര സൈക്കിള്‍, വീല്‍ ചെയര്‍ ആന്‍ഡ് സി പി ചെയര്‍, എല്‍ബോ ക്രച്ചസ് ആന്‍ഡ് റോളേറ്റോഴ്സ്, ഹിയറിംഗ് എയ്ഡ്, ബ്രെയ്‌ലി കിറ്റ്, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള എം.എസ്.ഐ.ഇ.ഡി കിറ്റുകള്‍, എ.ഡി.എല്‍ കിറ്റ്, കുഷ്ഠരോഗികള്‍ക്ക് മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് കെയ്ന്‍, ബാറ്ററിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന മോട്ടോറൈസ്ഡ് മുച്ചക്ര സൈക്കിള്‍, വീല്‍ ചെയര്‍ ( ജോയ്സ്റ്റിക്കില്‍ പ്രവര്‍ത്തിപ്പിക്കുന്നത് ), കൃത്രിമ കൈയും കാലും എന്നിവയാണ് നൽകുക.
അക്ഷയ കേന്ദ്രങ്ങളില്‍ നിന്നോ ലിങ്ക് വഴിയോ അപേക്ഷാഫോറം ലഭ്യമാവും. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകളുമായി യോഗ്യരായവര്‍ താലൂക്ക് പരിധിയിലുള്ള പരിശോധന ക്യാമ്പില്‍ പങ്കെടുക്കണം. ക്യാമ്പിന് ശേഷം മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് സഹായ ഉപകരണങ്ങള്‍ ലഭ്യമാകുക. അപേക്ഷ ഫോറം http://bit.ly/ALIMCO1 എന്ന ലിങ്ക് വഴി ഡൗണ്‍ലോഡ് ചെയ്യാം.