കൽപ്പറ്റ: കൽപ്പറ്റ-വാരാമ്പറ്റ റോഡ് പ്രവൃത്തിക്ക് സ്റ്റോപ്പ് മെമ്മോ. കാലതാമസം, ഗുണനിലവാരമില്ലായ്മ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കിഫ്ബി ഫണ്ട് നൽകുന്ന നിർമ്മാണ പ്രവൃത്തികളുടെ നിർവ്വഹണ ഏജൻസിയായ കേരളാ റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് ഡയരക്ടർ പ്രവൃത്തിക്ക് കഴിഞ്ഞ ദിവസം ഔദ്യോഗികമായി സ്റ്റോപ്പ് മെമ്മോ നൽകിയത്. ഇതോടെ റോഡ് നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിലായി.
സ്‌റ്റോപ്പ് മെമ്മോ അടിയന്തരമായി നീക്കി റോഡ് നിർമ്മാണം പുനരാരംഭിക്കണമെന്നും അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി പ്രക്ഷോഭമാരംഭി​ക്കുമെന്നും റോഡ് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ എം.എ ജോസഫ്, എം മുഹമ്മദ് ബഷീർ, ഷമീം പാറക്കണ്ടി എന്നിവർ പറഞ്ഞു.

നിരവധി സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഫലമായാണ് റോഡി​ന്റെ പ്രവൃത്തി ആരംഭിച്ചി​രുന്നത്. റോഡ് പ്രവൃത്തി തുടങ്ങിയ കാലം മുതൽ നിരവധി തടസ്സങ്ങൾ ഉയർന്നി​രുന്നു. വീതി കുറഞ്ഞ ഭാഗങ്ങളിൽ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേസുകൾ വന്നതും ക്വാറി നിയന്ത്രണങ്ങൾ വഴി നിർമ്മാണ സാമഗ്രികൾ ലഭിക്കാനുണ്ടായ ബുദ്ധിമുട്ടുകളും കാലതാമസമുണ്ടാക്കി.

ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ആക്‌ഷൻ കമ്മിറ്റിയും ഇടപെട്ടാണ് പ്രശ്നങ്ങൾ പരിഹരിച്ച് പ്രവൃത്തികൾ മുമ്പോട്ട് പോയത്. ഏതാനും പേർ കേസുകൾ പിൻവലിച്ചെങ്കിലും നിരവധി കേസുകൾ ഹൈക്കോടതിയിൽ നിലനിൽക്കുകയാണ്.
ഈ സംസ്ഥാന പാതയുടെ ശോചനീയാവസ്ഥ കാരണം ആയിരക്കണക്കിന് യാത്രക്കാരാണ് കഷ്ടതയനുഭവിക്കുന്നത്. കേടുപാടുകൾ പറ്റുന്നതും ടയറുകൾ പൊട്ടുന്നതടക്കമുള്ള പ്രശ്നങ്ങൾ കൊണ്ട് ബസുകളുടെ ട്രിപ്പുകൾ മുടങ്ങുന്നതും പതിവാണ്. രോഗികളെ യഥാസമയം ആശുപത്രിയിലെത്തിക്കുന്നതിന് പോലും കഴിയാത്ത അവസ്ഥയിലാണ്.

റോഡ് നിർമ്മാണം നിർത്തണമെന്നാവശ്യപ്പെട്ട് നേരത്തെ കിഫ്ബി സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ ജനപ്രതിനിധികളുടെയും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഇടപെടൽ കാരണം നിർമ്മാണം താൽക്കാലികമായി തുടരുകയായിരുന്നു.