കൽപ്പറ്റ: സിസ്റ്റർ ലൂസി കളപ്പുര സഭയെ അപമാനിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരേ 14ന് വൈകുന്നേരം മൂന്നിന് വിശ്വാസ സംരക്ഷണ കൂട്ടായ്മയും റാലിയും നടത്തുമെന്ന് സമിതി കൺവീനറും കാരയ്ക്കാമല ഇടവക ട്രസ്റ്റിയുമായ ജോസ് പേര്യക്കോട്ടിൽ, ആൻജോ ആൻഡ്രൂസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചില മാധ്യമങ്ങളും മതതീവ്രവാദ ശക്തികളും സഭയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് അവർ ആരോപിച്ചു.
ലൂസിയുടെ പുസ്തകത്തിന്റെ പേരിൽ നാട്ടിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉടലെടുക്കുകയാണ്. വിശുദ്ധരായി ജീവിക്കുന്ന വൈദീകർക്കെതിരേ ഇല്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കത്തോലിക്കാ സഭക്കെതിരേ ഉയർന്നുവരുന്ന ലൈംഗീക അതിക്രമ ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് സഭാ നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും വിശ്വാസ സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.
കാരക്കാമല ഇടവകയിലെ വിശ്വാസികൾ 14 ന് കാരക്കാമലയിലാണ് വിശ്വാസസംരക്ഷണ കൂട്ടായ്മയും റാലിയും നടത്തുക. സഭാവിരുദ്ധ ശക്തികളുടെ ചട്ടുകം പോലെ പ്രവർത്തിക്കുന്ന ലൂസി കളപ്പുര കത്തോലിക്കാസഭയിലെ ഒരു സന്യാസസമൂഹത്തിൽ നിന്ന് പലവിധ കാരണങ്ങളുടെ പേരിൽ പുറത്താക്കപ്പെട്ടതാണെങ്കിലും ഇപ്പോഴും കാരക്കാമലയിലെ സന്യാസഭവനത്തിൽ തന്നെയാണ് താമസിക്കുന്നത്. ഇടവകയിലെ യുവതലമുറയും ഇളംതലമുറയും വിശ്വാസസമൂഹവും വഴിതെറ്റിപ്പോകാതിരിക്കാൻ പ്രതിരോധത്തിന്റെ സമാധാനപൂർവ്വകമായ മാർഗ്ഗങ്ങൾ തീർക്കേണ്ടത് അനിവാര്യമാണെന്നും അവർ പറഞ്ഞു.