സുൽത്താൻ ബത്തേരി : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ജനുവരി 1 മുതൽ നിരോധിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
പ്ലാസ്റ്റിക് അധിഷ്ഠിത ഉൽപ്പന്നങ്ങളെ ആശ്രയിച്ച് സംരംഭം നടത്തുന്ന ഭക്ഷ്യ അധിഷ്ഠിത, ആയൂർവേദ, ഓയിൽ, കുടിവെള്ളം, ഡിറ്റർജന്റ്, ക്ലീനിംഗ് ബോട്ടിൽസ് തുടങ്ങി എല്ലാമേഖലകളിലുമായി ആയിരക്കണക്കിന് സംരംഭങ്ങൾ സംസ്ഥാനത്തുണ്ട്. പെട്ടെന്നുള്ള നിരോധനം ഈ മേഖലെ സാരമായി ബാധിക്കും. ചുരുങ്ങിയത് 6 മാസത്തേക്കുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഓരോ സ്ഥാപനവും സ്റ്റോക്ക് ചെയ്തിട്ടുണ്ടാകും. ജനുവരി മുതൽ നിരോധനം നടപ്പിലാക്കിയാൽ സ്റ്റോക്കുള്ള സാധനങ്ങൾ ഉപയോഗിക്കാൻ സാധിക്കാതെ വരികയും അത്രയും നഷ്ടമാവുകയും ചെയ്യും. പ്ലാസ്റ്റിക് ഉൽപ്ന്നങ്ങൾക്ക് പകരം തത്തുല്യമായ ആവശ്യത്തിന് ഉപയോഗിക്കുന്ന മറ്റ് ഉൽപ്പന്നങ്ങൾ പെട്ടെന്ന് ശേഖരിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും.സംരംഭങ്ങൾ അടച്ചു പൂട്ടുകയും തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകും.
സാമ്പത്തിക മാന്ദ്യം, നോട്ട് നിരോധനം, ജി.എസ്.ടി. നടപ്പാക്കൽ തുടർച്ചയായി സംസ്ഥാനത്തുണ്ടായ പ്രളയം തുടങ്ങിയ കാരണങ്ങൾ കൊണ്ട് വ്യവസായങ്ങൾ നടത്തി കൊണ്ടുപോകാൻ സാധിക്കാത്ത ഒരു അവസ്ഥ നിലനിൽക്കേ പ്ലാസ്റ്റിക് നിരോധനം കൂടി ആകുമ്പോൾ ഈ മേഖലയെ സംരംഭങ്ങൾ പാടെ അടച്ച് പൂട്ടേണ്ടി വരും.
സർക്കാർ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് റീപ്രോസസ് ചെയ്യാനുള്ള യൂണിറ്റിന് പ്രോത്സാഹനം നൽകുക. വേസ്റ്റ് പ്ലാസ്റ്റിക് ശേഖരിച്ച് വിൽപ്പന നടത്തുമ്പോൾ നിലവിലുള്ള ജി.എസ്.ടി. ഒഴിവാക്കുക. ആക്രി സാധനങ്ങൾ ശേഖരിച്ച് സംസ്‌ക്കാരണം നടത്തി മറ്റു ഉത്പന്നങ്ങളാക്കി മാറ്റുന്ന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുക. ഉപയോഗം കഴിഞ്ഞ് അലക്ഷ്യമായി വലിച്ചെറിയുന്നതും നിരോധിക്കുക. 50 മൈക്രോണിൽ കുറവുള്ള കാരി ബാഗ് പൂർണ്ണമായും നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
യോഗത്തിൽ ജില്ലാപ്രസിഡന്റ് എ. ഭാസ്‌ക്കരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി തോമസ് വർഗ്ഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജോർജ്ജ് മുണ്ടക്കൽ, ഡോ. വി. സത്യാനന്ദൻ നായർ, ടോമി വടക്കുംചേരി, ജെയ്നനർ ടി.ഡി., ഉമ്മർ വി., കെ.ജി.തങ്കപ്പൻ, മാത്യു തോമസ് (കിൻഫ്ര), ഉണ്ണി പരവൻ പി.കെ. തുടങ്ങിയവർ പ്രസംഗിച്ചു.