സുൽത്താൻ ബത്തേരി : ദേശീയപാത 766-ലെ യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ കേരള സർക്കാരിന്റെ അഫിഡവിറ്റ് സമയബന്ധിതമായി തയ്യാറാക്കി നൽകുന്നതിന് പൊതുമരാമത്ത്,വനം,ഗതാഗത വകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തികൊണ്ട് ഗതാഗതവകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ തീരുമാനമായി.
അടുത്ത കേസിന് മുന്നോടിയായി കർണാടക സർക്കാരുമായി ചർച്ച നടത്താൻ തീരുമാനിച്ചു.കേന്ദ്ര സർക്കാരുമായി ബന്ധപ്പെടാൻ സംസ്ഥാന അടിസ്ഥാനത്തിൽ ഒരു സർവ്വകക്ഷി സംഘത്തെ ഡൽഹിക്ക് അയയ്ക്കണമെന്ന് ദേശീയപാത ട്രാൻസ്‌പോർട്ട് പ്രൊട്ടക്ഷൻ ആക്ഷൻ കമ്മറ്റി ഭാരവാഹികൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാമെന്ന് മന്ത്രി യോഗത്തിൽ വ്യക്തമാക്കി. ആക്ഷൻ കമ്മറ്റിയുടെ പ്രധാന ആവശ്യങ്ങളടങ്ങിയ നിവേദനം മന്ത്രിക്ക് നൽകി.
ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് പുറമെ വനം വകുപ്പ് മന്ത്രി കെ.രാജു, കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ സി.കെ.ശശീന്ദ്രൻ, ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, ആക്ഷൻ കമ്മറ്റി കൺവീനർ സുരേഷ് താളൂർ, കമ്മറ്റി അംഗങ്ങളായ സി.എം.ശിവരാമൻ, പി.കെ.ബാബു, ഷംസാദ്, റ്റിജി ചെറുതോട്ടിൽ, വനം, പൊതുമരാമത്ത്, ഗതാഗത വകുപ്പ് സെക്രട്ടറിമാർ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്
ദേശിയപാത 766-ലെ യാത്രാ നിരോധനം സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം