പേരാമ്പ്ര : കഞ്ചാവ് വില്പന നടത്തുന്നതിനിടയിൽ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. പന്തലായനി മുഹമ്മദ് റാഫിയെയാണ് പേരാമ്പ്ര എക്‌സൈസ് സർക്കിൾ പാർട്ടി കൊയിലാണ്ടി നെല്ലിക്കോട്ട് റോഡിൽ നിന്നും കഞ്ചാവ് വിൽപ്പനക്കിടെ പിടിച്ചത്.ഇയാളിൽ നിന്നും 110 ഗ്രാം കഞ്ചാവും ചില്ലറ വില്പനക്കായി പൊതിയാനുപയോഗിക്കുന്ന 50 ഓളം പ്ലാസ്റ്റിക്ക് കവറുകളും പിടിച്ചെടുത്തു. കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്ത്. മംഗലാപുരത്ത് നിന്നും ഗോവയിൽ നിന്നും ട്രെയിൻ മാർഗം കൊയിലാണ്ടി എത്തിച്ച് ചില്ലറ വില്പന നടത്തുകയാണ് പതിവ്.

പ്രതിയുടെ പേരിൽ നേരത്തെ കൊയിലാണ്ടി എക്‌സൈസിലും പൊലീസിലും കേസുകൾ നിലവിലുണ്ട്. പേരാമ്പ്ര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി. ശരത്ത് ബാബുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ പി.സി. മനോജ് കുമാർ, പി.പി. രാമചന്ദ്രൻ, കെ.കെ. ബാബുരാജ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ വി. പ്രജിത്ത്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ. ഗണേഷ്, സി.കെ. ശ്രീജിത്ത്, എൻ. അജയകുമാർ, എൻ.കെ. ഷനിൽ കുമാർ, വി.കെ. രൂപേഷ്, കെ.സി. ഷൈജു, കെ.കെ. സുബീഷ്, ഡ്രൈവർ കെ. ദിനേശൻ എന്നിവർ നേതൃത്വം നൽകി. കൊയിലാണ്ടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.