126.75 കി.മീ നീളത്തിൽ 39 നീർച്ചാലുകൾ ക്യാമ്പയിനിലൂടെ വീണ്ടെടുക്കും.
കൽപ്പറ്റ: ഹരിത കേരളം മിഷന്റെ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ 14 മുതൽ 22 വരെ 'ഇനി ഞാനൊഴുകട്ടെ' എന്ന പേരിൽ നീർച്ചാലുകൾ വീണ്ടെടുക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ ക്യാമ്പയിൻ നടത്തും. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു പ്രധാനപ്പെട്ട തോടോ നീർച്ചാലോ തിരഞ്ഞെടുത്ത് ജനകീയമായി ശുചീകരിക്കുകയാണ് ലക്ഷ്യം.
സർക്കാർ, സർക്കാരിതര വകുപ്പുകൾ, ജനപ്രതിനികൾ, വിദ്യാർത്ഥികൾ,കുടുംബശ്രീ, എൻ.എസ്.എസ്, എസ്.പി.സി, സന്നദ്ധ സംഘടനകൾ, വ്യാപാരി വ്യവസായി തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും അണിനിരത്തിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. തുടർ പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതിയിലൂടെ നടത്തും.
ബ്ലോക്ക്,ഗ്രാമപഞ്ചായത്ത്തല സമിതികൾ ചേർന്ന് പഞ്ചായത്ത്തല പരിപാടികൾ ആസൂത്രണം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട തോട്/നീർച്ചാൽ കടന്നു പോകുന്ന വാർഡുകളിൽ പ്രത്യേക പ്രദേശിക സംഘാടക സമിതി രൂപീകരിച്ചാണ് പ്രവർത്തിക്കുക.
പുഴകൾ മലിനമാകുന്നതിലുളള പ്രധാന കാരണം അവയുടെ കൈവഴികളായ തോടുകളും അവയിലേക്കെത്തുന്ന നീർച്ചാലുകളും മലിനമാകുന്നതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. നീർച്ചാലുകൾ വീണ്ടും മലിനപ്പെടാതിരിക്കാനായി ബോധവൽക്കരണം, പാർശ്വ സംരക്ഷണത്തിനായി ജൈവ രീതികൾ, നീർത്തടാധിഷ്ഠിത ആസൂത്രണത്തിലൂടെ കൈവഴികളുടെയും വൃഷ്ടി പ്രദേശത്തിന്റെയും സംരക്ഷണം, വരൾച്ചാ പ്രതിരോധ പ്രവർത്തനമെന്ന നിലയിൽ തടയണ നിർമ്മാണം തുടങ്ങിയവയും ക്യാമ്പയിന്റെ തുടർ പ്രവർത്തനങ്ങളായി നടത്തും.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഹരിത കേരളം മിഷന്റെ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി 390 കി.മീ നീളത്തിൽ പുഴകളും 34289 കി.മീ നീളത്തിൽ നീർച്ചാലുകളും പുനരുജ്ജീവിച്ചിച്ചിട്ടുണ്ട്. ജില്ലയിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 210 കി.മീ നീളത്തിൽ 137 നീർച്ചാലുകൾ ശുചീകരിച്ചിട്ടുണ്ട്.
ജനകീയ ക്യാമ്പയിൻ മുന്നോടിയായി നിർവ്വഹണ ഉദ്യോഗസ്ഥൻമാർ,തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ എന്നിവർക്കായി ജില്ലാ ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടത്തിയ ജില്ലാതല യോഗത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിർവ്വഹിച്ചു.ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.പ്രകാശ്, ജില്ലാ പ്ലാനിംഗ് ഓഫീസർ സുഭഭ്രാ നായർ, മൈനർ ഇറിഗേഷൻ എക്സി.എഞ്ചിനീയർ പി.കെ സുഗുണൻ, ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ് ഓഫീസർ പി.യു ദാസ് എന്നിവർ സംസാരിച്ചു.