കൽപ്പറ്റ: കർഷകർക്ക് അധിക വരുമാനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തൃക്കൈപ്പറ്റയിൽ ആരംഭിച്ച ബാസ അഗ്രോ ഫുഡ്സിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 10 മണിക്ക് സി കെ ശശീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിക്കും.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്കും പഴവർഗ്ഗങ്ങൾക്കും മൂല്യവർദ്ധനവ് നൽകി കർഷകർക്ക് അധിക വരുമാനം ഉറപ്പു വരുത്താനുള്ള
ശ്രമങ്ങളും പദ്ധതിയുടെ ഭാഗമാണ്.

ചക്ക, മുളയരി, കാന്താരി, ഇഞ്ചി, കറിവേപ്പില എന്നിവ ഉപയോഗിച്ചുള്ള കുക്കീസ്, കേക്കുകൾ എന്നിവ ബാസയിൽ നിർമ്മിക്കുന്നുണ്ട്. ക്രിസ്മസ്, ന്യു ഇയർ പ്രമാണിച്ച് ചക്കയിൽ നിന്നുള്ള മൂല്യ വർദ്ധിത ഉൽപ്പന്നമായ കേക്കും വിപണിയിൽ എത്തിച്ചിട്ടുണ്ട്. ആരോഗ്യ സുരക്ഷയ്ക്കും പോഷണത്തിനും ജൈവ ഭക്ഷണ ശൈലി ലക്ഷ്യം വെച്ചാണ് ബാസ പ്രവർത്തിക്കുന്നത്.

വാർത്താസമ്മേളനത്തിൽ ടി.പി.ഡാനിയേൽ, എം. ബാബുരാജ്, എ.പി.വിനോദൻ, എൻ.ഐ.ജെസ്സി എന്നിവർ പങ്കെടുത്തു.