@ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
കോഴിക്കോട്: 97 വയസുള്ള വയോധിക ഒരു കൊടിയ അനീതി ഒഴിവാക്കിക്കിട്ടാനായി 30 ലേറെത്തവണ വില്ലേജ് ഓഫീസ് കയറിയിറങ്ങി. എന്നിട്ടും രക്ഷയില്ലാതെ വന്നപ്പോൾ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരിക്കുകയാണ്. നീതിപൂർവകമായി നടക്കേണ്ട ഒരു കാര്യത്തിന് ഇൗ പ്രായത്തിൽ ഇങ്ങനെ ബുദ്ധമുട്ടുന്നത് തന്നെ കൊടിയ അനീതിയാണ്. മനുഷ്യാവകാശ കമ്മിഷനും അത് ബോദ്ധ്യപ്പെട്ടു. അന്വേഷണത്തിന് ഉത്തരവിട്ടിരുക്കകുയാണ് മനുഷ്യാവകാശ കമ്മിഷൻ.
റദ്ദാക്കിയ ഇഷ്ടദാനത്തിൻറെ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടാനാണ് മുപ്പതിലേറെ തവണ വില്ലേജ് ഓഫീസിൽ കയറിയിറങ്ങിയത്. ചക്കിട്ടപ്പാറ സ്വദേശിനി അന്നമ്മയാണ് ഇൗ അനുഭവം. മകൾ ത്രേസ്യയുടെ മകൻ ബോബിയ്ക്കാണ് തന്റെ പേരിൽ ആകെയുണ്ടായിരുന്ന 15 സെൻറ് സ്ഥലവും വീടും ഇഷ്ടദാനം നൽകിയത്. സമ്പാദ്യം സ്വന്തം പേരിൽ കിട്ടുന്നതുവരെ ബോബി മുത്തശ്ശിയെ സംരക്ഷിച്ചു. എന്നാൽ ഭൂമിയും വീടും കിട്ടിയതോടെ മുത്തശ്ശിയെ മർദ്ദിച്ച് വീട്ടിൽ നിന്ന് പുറത്താക്കി. ബോബിയുടെ അമ്മ നടപടി ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മുതിർന്ന പൗരൻമാരുടെ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ തന്റെ സമ്പാദ്യം കൊച്ചുമകന് നൽകിയ ഇഷ്ടദാനം അന്നമ്മ റദ്ദാക്കി.
റദ്ദാക്കിയ പ്രമാണം തന്റെ പേരിലാക്കാൻ വയോധിക വില്ലേജ് ഓഫീസർക്ക് അപേക്ഷ നൽകിയെങ്കിലും അദ്ദേഹം അനുവദിക്കുന്നില്ലെന്നാണ് പരാതി. യാത്ര ചെയ്യാൻ കഴിയാത്ത വയോധിക 30 തവണ വില്ലേജ് ഓഫീസിൽ എത്തിയിട്ടുണ്ട്. വില്ലേജ് ഓഫീസർക്കെതിരെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാസ കമ്മിഷൻ ഉത്തരവിട്ടു. ചക്കിട്ടപ്പാറ വില്ലേജ് ഓഫീസർക്കെതിരെ അന്വേഷണം നടത്താനാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് കോഴിക്കോട് ആർ.ഡി.ഒയെ ചുമതലപ്പെടുത്തിയത്. മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
ജനുവരിയിൽ കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ വില്ലേജ് ഓഫീസർ വിശദീകരണവുമായി നേരിട്ട് ഹാജരാകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.