ചേളന്നൂർ: പരക്കെ തെരുവ് നായ്ക്കളുടെ ശല്യം കൂടുമ്പോഴും അധികൃതർക്ക് അനക്കമില്ല. ചേളന്നൂർ എട്ടേ രണ്ടിൽ പലയിടത്തും ആളുകൾ ആധിയോടെയാണ് വഴി നടക്കുന്നത്. ഏതു നിമിഷവും നായക്കൂട്ടം ഇളകിയെത്താമെന്ന പേടി തന്നെ കാരണം.
കുട്ടികളെ സ്‌കൂളിലേക്ക് ഒറ്റയ്ക്ക് പറഞ്ഞുവിടാൻ ഭയക്കുകയാണ് രക്ഷിതാക്കൾ. കുട്ടികൾ കൂട്ടത്തോടെ പോകുമ്പോൾ നായക്കൂട്ടം പിറകെ വരുന്നത് കണ്ടുള്ള മരണപ്പാച്ചിൽ ഏതാണ്ട് പതിവ് സംഭവമാണ്.
ഏറ്റവും ഒടുവിലായി രണ്ടാഴ്ച മുമ്പ് രണ്ടു പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു. കേരളകൗമുദി ഏജന്റിന് നായയുടെ കടിയേറ്റ് പരിക്കേൽക്കാനിടയായത് രണ്ടു മാസം മുമ്പാണ്.
നിരന്തരം പരാതിപ്പെടുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് പ്രശ്‌നപരിഹാരത്തിന് ഒരു നീക്കവുമില്ലെന്ന് പ്രദേശവാസികൾ പറയുന്നു.