കോഴിക്കോട്: പൊതുജനങ്ങൾ അന്യരല്ലെന്ന ബോധം ജീവനക്കാർക്ക് ഉണ്ടാവണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. അരീക്കരകുന്ന് നികുതി സ്വീകരിക്കൽ മേള അന്ത്യേരിപൊയിൽ അംഗൻവാടി പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വില്ലേജ് ഉദ്യോഗസ്ഥർ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നവരാണ്. നീതിപൂർവമായ പെരുമാറ്റം ജനം പ്രതീക്ഷിക്കുന്നുണ്ട്. ഭൂമിസംബന്ധമായി സർക്കാർ ഉത്തരവ് അനിവാര്യമാണെങ്കിൽ അത് ഉദ്യോഗസ്ഥർ ശ്രദ്ധയിൽപെടുത്തണം.
തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് പട്ടയവിതരണവുമായി ബന്ധപ്പെട്ട കൂടുതൽ കേസുകളുളളത്. ഇവിടങ്ങളിൽ പുതിയ ലാൻഡ് ട്രിബ്യൂണൽ ഓഫീസ് ആരംഭിക്കും.
ചടങ്ങിൽ 213 പേർക്കാണ് കരമടക്കൽ റസീറ്റ് നൽകിയത്. കയ്യാലേൽ മാതു, അന്തേരി സുരേഷ്ബാബു, രാജൻ പടിക്കൽ, വാസു അന്തേരി എന്നിവരിൽ നിന്നു മന്ത്രി നികുതി സ്വീകരിച്ചു.
ഇ.കെ.വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണൻ, ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊടുവയിൽ മഹമൂദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ ചിറക്കോത്ത് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.കെ.ശൈലജ, അഹമ്മദ് പുന്നക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റീന, ചെക്യാട് ഗ്രാമപഞ്ചായത്ത് അംഗം കെ.പി.കുമാരൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദ്കുട്ടി, മുൻ നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, വടകര ആർ.ഡി.ഒ വി.പി.അബ്ദുറഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു. എ.ഡി.എം റോഷ്‌നി നാരായണൻ സ്വാഗതം പറഞ്ഞു.