മാനന്തവാടി: സ്വന്തം കൈകൾ കൊണ്ട് ഏറ്റവും കൂടുതൽ വൃക്ഷ തൈകൾ നട്ടുവളർത്തി എന്ന ബഹുമതിക്ക് വയനാട് സ്വദേശിയായ വിദ്യാർത്ഥിനിക്ക് വേൾഡ് ഗിന്നസ് റെക്കോർഡ്.
കെല്ലൂർ നാലാംമൈൽ മോഡേൺ ഇംഗ്ലീഷ് സ്‌കൂൾ പൂർവ വിദ്യാർത്ഥി നിഷാനാ ഖാനത്തിനാണ് യു.എ.ഇ അജ്മാനിലെ ഹാബിറ്റാറ്റ് സ്‌കൂളിന്റെ നേതൃത്വത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ വൃക്ഷ തൈകൾ നട്ടുവളർത്തിയതിന് ഗിന്നസ് റെക്കോർഡ് ലഭിച്ചത്. 9,371 വൃക്ഷ തൈകൾ യു.എ.ഇ. ഗവൺമെന്റ് അധികൃതർക്ക് കൈമാറി.
തോണിച്ചാൽ പുത്തൻപുരയിൽ കബീർ - ഹസീന ദമ്പതികളുടെ മൂത്ത മകളാണ് നിഷാനാ ഖാനം. കബീർ അജ്മാനിലാണ് ജോലി ചെയ്യുന്നത്. നിഷാന യു.എ.ഇ സർക്കാരിന്റെ ആമർ സർവ്വീസിൽ ജീവനക്കാരിയാണ്. ഹാബിറ്റാറ്റ് സ്‌കൂളിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഈ നേട്ടത്തിനുള്ള പ്രവർത്തനം നടത്തിയത്.