ബാലുശ്ശേരി: സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ ആഭിമുഖ്യത്തിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന കേരളോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ബാലുശ്ശേരിയിൽ തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കേരളോത്സവം പോലുള്ള പരിപാടികൾ കേരളത്തിലെ യുവത്വത്തിന്റെ നവോത്ഥാന ധർമ്മത്തിന് സാക്ഷ്യം വഹിക്കുന്ന പരിപാടികളാണെന്നും യുവജനങ്ങൾ രാജ്യത്തിന്റെ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം, ഭീകരവാദം, മദ്യപാനം, മയക്കുമരുന്ന് തുടങ്ങി മനസ്സിനെ ഭ്രാന്തമാക്കുന്ന നിരവധി കാര്യങ്ങൾ രാജ്യത്തുണ്ട്. ഇതിൽ നിന്നെല്ലാം യുവമനസ്സുകളെ മോചിപ്പിക്കാൻ രക്ഷാകവചം ഒരുക്കാനുള്ള നീക്കം ഉണ്ടാവണം. യുവജന കൂട്ടായ്മകളിലൂടെ ഇതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബാലുശ്ശേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. നാടക മത്സരങ്ങളുടെ ഉദ്ഘാടനം പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്ത സാംസ്കാരിക ഘോഷയാത്രയും പരിപാടിയുടെ ഭാഗമായി നടന്നു. കുടുംബശ്രീ പ്രവർത്തകർ ഒരുക്കിയ മെഗാ തിരുവാതിരക്കളിയും ഉണ്ടായിരുന്നു.
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അംഗം മുക്കം മുഹമ്മദ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ചന്ദ്രൻ, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശ്രീജ, വാർഡ് മെമ്പർ റീജ കണ്ടോത്തുകുഴി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ബാബു, യുവജനക്ഷേമ ബോർഡ് യൂത്ത് പ്രോഗ്രാം ഓഫീസർ പി.സി ഷിലാസ്, യുവജനക്ഷേമ ബോർഡ് ജില്ല യൂത്ത് കോഡിനേറ്റർ ടി.കെ സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.